തൊഴിലുറപ്പ് വേതനം ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ്) കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുതുവര്‍ഷത്തില്‍ നിലവില്‍വന്നു. തൊഴിലാളിവിരുദ്ധമെന്ന വിമര്‍ശത്തെ തുടര്‍ന്ന് അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവാണ് പ്രാബല്യത്തിലായത്. തൊഴിലാളിയുടെ പന്ത്രണ്ടക്ക ആധാര്‍ നമ്പരാണ് സാമ്പത്തിക വിലാസമായി ഉപയോഗിക്കുക. വേതനം ലഭിക്കണമെങ്കില്‍ ആധാര്‍ വിവരം തൊഴില്‍ കാര്‍ഡില്‍ സീഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ആധാര്‍ മാപ്പ് ചെയ്യുകയും വേണം.
കഴിഞ്ഞ ഡിസംബര്‍ 27വരെയുള്ള കണക്കനുസരിച്ച് തൊഴില്‍ കാര്‍ഡുള്ളവരില്‍ 34.8 ശതമാനം പേര്‍ എബിപിഎസിന് പുറത്താണെന്ന് ഗ്രാമവികസന മന്ത്രാലയംതന്നെ വ്യക്തമാക്കുന്നു. മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും ജോലി ചെയ്ത സജീവ തൊഴിലാളികളില്‍ 12.7 ശതമാനം പേരും പദ്ധതിയില്‍നിന്ന് പുറത്താകും. രജിസ്റ്റര്‍ ചെയ്ത 25.25 കോടി തൊഴിലാളികളില്‍ 14.35 കോടിയും സജീവ തൊഴിലാളികളാണ്.
അതിനിടെ, നൂറുശതമാനം എബിപിഎസ് സംവിധാനം നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിക്കാത്ത കോടിക്കണക്കിന് തൊഴില്‍ കാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ റദ്ദാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിവരങ്ങളിലെ പൊരുത്തക്കേട്, തൊഴില്‍ സന്നദ്ധതയില്ല തുടങ്ങിയവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അക്കാദമിക വിദഗ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ലിബ്‌ടെക് ഇന്ത്യയുടെ കണക്കനുസരിച്ച് 21 മാസത്തിനുള്ളില്‍ 7.6 കോടി തൊഴിലാളികള്‍ പദ്ധതിക്ക് പുറത്താക്കി. തൊഴില്‍ അവകാശമാക്കി പാര്‍ലമെന്റ് പാസാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഫണ്ട് നല്‍കാതെ എന്‍ഡിഎ സര്‍ക്കാര്‍ ഘട്ടംഘട്ടമായി തകര്‍ക്കുന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണിത്. ആകെയുള്ള തൊഴിലാളികളില്‍ മൂന്നിലൊന്നും എബിപിഎസ് സംവിധാനത്തിന് പുറത്താണ്.