Tuesday, November 26, 2024

ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്‌റഫിയ്യയില്‍ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൂടുതല്‍ ആളപായമുണ്ടായതായും ഒരു കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേല്‍ സന്ദര്‍ശനം മാറ്റിവെച്ചു. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേല്‍ ആക്രമണത്തില്‍ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍. ലബനാന്‍ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഹമാസ് വക്താവായി കാര്യങ്ങള്‍ പുറംലോകത്തോട് സംസാരിച്ചത് ഇപ്പോള്‍ കൊല്ലപ്പെട്ട അറൂരിയായിരുന്നു. ഖസ്സാം ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനാണ് അറൂരി. ഏറെനാളായി അദ്ദേഹത്തെ ഇസ്രായേല്‍ ലക്ഷ്യം വെക്കുകയായിരുന്നു. തങ്ങളുടെ മണ്ണില്‍ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടരുകയാണ്.

 

Latest News