Tuesday, November 26, 2024

പുതുവര്‍ഷപ്പുലരിയില്‍ നാലുഗിന്നസ് ലോക റെക്കോഡുകള്‍ സ്വന്തമാക്കി അബുദാബി ശൈഖ് സായിദ് ഉത്സവം

ജനസാഗരത്തെ സാക്ഷിയാക്കി പുതുവര്‍ഷപ്പുലരിയില്‍ നാലുഗിന്നസ് ലോക റെക്കോഡുകള്‍ സ്വന്തമാക്കി അബുദാബി ശൈഖ് സായിദ് ഉത്സവം. അത്യുഗ്രന്‍ കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് മൂന്നും കണ്ണഞ്ചിപ്പിക്കുന്ന ഡ്രോണ്‍ പ്രദര്‍ശനത്തിലൂടെ ഒരു ഗിന്നസ് റെക്കോഡുമാണ് നേടിയത്.

40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗങ്ങളുടെയും 5000 ഡ്രോണുകള്‍ അണിനിരത്തികൊണ്ടുള്ള അരമണിക്കൂര്‍ ഡ്രോണ്‍ പ്രദര്‍ശനങ്ങളുടെയും അകമ്പടിയോടെയാണ് അല്‍ വത്ബയിലെ ഉത്സവനഗരി 2024-ലേക്ക് പ്രവേശിച്ചത്. കരിമരുന്ന് പ്രയോഗത്തിന്റെ അളവ്, സമയം, ഘടന എന്നിവയിലാണ് മൂന്ന് ഗിന്നസ് ലോക റെക്കോഡുകള്‍ ലഭിച്ചത്.

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ഏരിയല്‍ ലോഗോയിലൂടെയാണ് നാലാമത്തെ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയത്. 5000-ത്തിലേറെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള അത്യുഗ്രന്‍ ഡ്രോണ്‍ കാണികളില്‍ വിസ്മയമുണര്‍ത്തി. ആഘോഷപരിപാടികളില്‍ പങ്കെടുക്കാനായി യു.എ.ഇ. യുടെ വിവിധ എമിറേറ്റുകളില്‍നിന്നുള്ള ആളുകള്‍ തിങ്കളാഴ്ച വൈകീട്ടോടെ ഉത്സവവേദിയിലേക്ക് എത്തിയിരുന്നു.

മലയാളികളുടെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം ഉത്സവത്തിലെ ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി. നാലു മണിമുതലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കിയത്. ജനത്തിരക്ക് കാരണം പ്രധാന ആഘോഷങ്ങള്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി പ്രവേശനം നിരോധിക്കാനും അധികൃതര്‍ നിര്‍ബന്ധിതരായി. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും ഉത്സവത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ആഘോഷങ്ങളും വിനോദ പ്രവര്‍ത്തനങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി ഫെസ്റ്റിവല്‍ സ്‌ക്വയറിന് പുറത്ത് വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. അല്‍ മറിയ ദ്വീപ്, അബുദാബി കോര്‍ണിഷ്, ഹുദൈരാത് ദ്വീപ്, യാസ് ബേ വാട്ടര്‍ഫ്രണ്ട് മദിനത്ത് സായിദ്, ഖിയാത്തി, അല്‍ മിര്‍ഫ, അല്‍ മുഖൈറ ബീച്ച്, ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലായി നടന്ന ആഘോഷ പരിപാടികളിലും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

 

Latest News