Sunday, November 24, 2024

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീട ജേതാക്കളായ കണ്ണൂരിന് വാദ്യമേളങ്ങളോടെ മാഹിയില്‍ ഗംഭീര സ്വീകരണം

കൊല്ലത്ത് വച്ച് നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് ഇന്ന് വമ്പന്‍ സ്വീകരണം. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കിരീടം തിരിച്ചെത്തുന്നത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നടക്കുന്നത്. ആഘോഷപൂര്‍വ്വം ടീമിനെ തുറന്ന വാഹനത്തില്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആനയിക്കും. അഞ്ച് മണിക്ക് കണ്ണൂരിലെത്തുന്ന ടീമിനെ വാദ്യമേളങ്ങളോടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വിപുലമായ ആഹ്ളാദ പ്രകടനവും ഉണ്ടാകും. കലോത്സവത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് പിന്നീട് വമ്പന്‍ സ്വീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും.

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് സ്വര്‍ണ കപ്പ് കൈമാറിയത് മന്ത്രി വി ശിവന്‍ കുട്ടിയാണ്. മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പരാജയങ്ങള്‍ കലയെ ബാധിക്കരുതെന്ന് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പറഞ്ഞു. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് ഒരുപോലെ അവസരങ്ങളുണ്ട്. കലകള്‍ക്ക് കേരളത്തില്‍ വിവേചനമില്ല. ഇത്തരത്തില്‍ വിവേചനമോ വേര്‍തിരിവോ ഇല്ലാതെ കലകള്‍ അവതരിപ്പിക്കപ്പെടുന്നത് യുവജനോത്സവങ്ങളിലായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

 

Latest News