Sunday, November 24, 2024

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത ചരിത്ര പ്രാധാന്യമുള്ള മൊസൂളിലെ ദൈവാലയം പത്ത് വര്‍ഷത്തിന് ശേഷം പുനഃസ്ഥാപിക്കപ്പെട്ടു

വടക്കന്‍ ഇറാഖിലെ മൊസൂളിലെ ഡൊമിനിക്കന്‍ ചര്‍ച്ച് ഓഫ് ഔവര്‍ ലേഡി ഓഫ് ദി ഹവര്‍ പത്ത് വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നു. യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, യുനെസ്‌കോ എന്നിവയുടെ സഹകരണത്തോടെ ഈ ദൈവാലയം പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ് ഇപ്പോള്‍. ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ദിനത്തില്‍ ഈ ദൈവാലയത്തില്‍ ലോക സമാധാനത്തിനായി വിശുദ്ധ കുര്‍ബാന നടത്തി.

ആഹ്ലാദത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷത്തില്‍ നിരവധി സന്യാസിമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നടന്ന ദിവ്യബലിക്ക് ഡൊമിനിക്കന്‍ ഓര്‍ഡറിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ ജെറാര്‍ഡ് ഫ്രാന്‍സിസ്‌കോ ടിമോണര്‍ നേതൃത്വം നല്‍കി. 1873-ല്‍ ഇറാഖിലെ ഡൊമിനിക്കന്‍ സാന്നിധ്യത്തിന്റെ കേന്ദ്രമായാണ് ചര്‍ച്ച് ഓഫ് ഔവര്‍ ലേഡി ഓഫ് ദി ഹവര്‍, അറബിയില്‍ അല്‍-സാ’ എന്ന ഔദ്യോഗിക നാമം സ്വീകരിച്ചത്. ഇറാഖിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ സ്‌കൂളും ആദ്യത്തെ അച്ചടിശാലയും ഉള്‍പ്പെടെ ഒരു പ്രധാന സാംസ്‌കാരിക, അക്കാദമിക് കേന്ദ്രം കൂടിയായിരുന്നു ഇത്.

ക്രിസ്ത്യാനികള്‍, യസീദികള്‍, സുന്നി, ഷിയ മുസ്ലീങ്ങള്‍, അറബികള്‍, കല്‍ദിയന്മാര്‍, കുര്‍ദുകള്‍ തുടങ്ങി വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ചരിത്രപരമായ ഇടമായ മൊസൂളിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയം മതസൗഹാര്‍ദ്ദത്തിന്റെ
ഇടവും കൂടിയായിരുന്നു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഈ ദൈവാലയം ആക്രമിക്കപ്പെടുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് ഈ ദൈവാലയം ഒരു ആയുധ സംഭരണശാലയും പീഡന ക്യാമ്പുമായി മാറി. നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ ഭാര്യ നഗരത്തിലെ ഡൊമിനിക്കന്‍ വൈദികര്‍ക്ക് നല്‍കിയ സമ്മാനമായ പ്രസിദ്ധമായ ക്ലോക്ക് ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. ഈ ദൈവാലയത്തിന്റെ നാശം കേവലം ഒരു കെട്ടിടത്തിന്റെ തകര്‍ച്ച മാത്രമായിരുന്നില്ല. അത് മൊസൂളിലെ എല്ലാ നിവാസികളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പ്രതികൂലമായി ബാധിച്ചു. കാരണം അവര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും ഒരു പ്രധാന പ്രതീകം നഷ്ടപ്പെട്ടു.

2020 ഏപ്രിലില്‍, യുനെസ്‌കോ പള്ളിയുടെയും പഴയ നഗരമായ മൊസൂളിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഈ ദൗത്യത്തില്‍, ഡൊമിനിക്കന്‍ വൈദികര്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു.

 

Latest News