Sunday, November 24, 2024

രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനം; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ

കേരളത്തില്‍ അടുത്ത രണ്ട് ദിവസം മിതമായതോ അല്ലെങ്കില്‍ ഇടത്തരം തീവ്രതയോടെയുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് ചക്രവാത ചുഴികളുടെ സ്വാധീനമാണ് മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നോ വരും ദിവസങ്ങളിലോ അലെര്‍ട്ടുകളില്ല.

ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ-കിഴക്കന്‍ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും ഇപ്പോള്‍ സ്ഥിതിചെയ്യുന്നുണ്ട്. അതേസമയം കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

Latest News