സെലിന്‍ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്; രണ്ട് മക്കളുടെ അമ്മയും. “ഞാനും എന്റെ സഹപ്രവര്‍ത്തകരായ അധ്യാപകരുംകൂടെ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു” – സെലിന്‍ പറഞ്ഞുതുടങ്ങി.
“ഏതെങ്കിലും കുട്ടി മനക്ലേശത്തിന്റെയോ, സങ്കടത്തിന്റെയോ ലക്ഷണം കാണിച്ചാല്‍ ഞങ്ങളത് ശ്രദ്ധിക്കും. എന്നിട്ടത് ആ കുട്ടിയുടെ ക്ലാസ് ടീച്ചറോടു പറയും. പിന്നീട് കുട്ടിയുമായി നല്ല ബന്ധമുള്ള ടീച്ചറാണ് അവനുമായി സംസാരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അതിലൂടെ അവന്റെ സ്‌ട്രെസിന്റെ കാരണവും ഉറവിടവും കണ്ടെത്താനാവും. സ്‌കൂളാണ് ഉറവിടമെങ്കില്‍ അതിന്റെ കാരണം എന്താണെന്ന് കണ്ടെത്തും.”
കുട്ടികള്‍ക്കെന്ത് ടെന്‍ഷന്‍ എന്നു ചിന്തിക്കാന്‍ വരട്ടെ. അവര്‍ക്കുമുണ്ടാകാം പലവിധ ടെന്‍ഷനുകള്‍. അവരുടെ ലോകത്ത് അത് ചിലപ്പോള്‍ വളരെ വലുതായിരിക്കാം. സെലിന്‍ എന്ന അധ്യാപിക പറഞ്ഞതും ഇതിനെക്കുറിച്ചാണ്.
കൂട്ടുകാരുടെ സമ്മര്‍ദ്ദമാകാം, ഗൃഹപാഠത്തിന്റെ ആധിക്യമാകാം, ചില വിഷയങ്ങളുടെ ഒപ്പമെത്താനുള്ള ബുദ്ധിമുട്ടാകാം. അങ്ങനെ പല പ്രശ്‌നങ്ങള്‍ ഇതിനുപിറകിലുണ്ടാകാം. വീടാണ് അവന്റെ സ്‌ട്രെസ്സിന്റെ ഉറവിടമെങ്കില്‍ അവന്റെ മാതാപിതാക്കളുമായി ക്ലാസ് ടീച്ചര്‍ സംസാരിക്കും. മുത്തച്ഛന്റെയോ, മുത്തശ്ശിയുടെയോ അസുഖമോ മരണമോ ആകാം അവന്റെ ടെന്‍ഷനു കാരണം. അല്ലെങ്കില്‍ അവന്റെ വളര്‍ത്തുനായ ചത്തതാകാം. അതുമല്ലെങ്കില്‍ മാതാപിതാക്കളുടെ ബന്ധത്തിലെ അസ്വാരസ്യമാകാം.
ഏതായാലും മാതാപിതാക്കളുമായി സംസാരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴി കണ്ടെത്തുകയാണ് പ്രധാനം. ഏതൊരു പരിഹാരവും കുട്ടിയുമായി ഒരുമിച്ചു പ്രാവര്‍ത്തികമാക്കണം. ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നും ഒരിക്കലും നിരാശപ്പെടേണ്ടതില്ലെന്നുമുള്ള പ്രത്യാശ കുട്ടിയില്‍ വളര്‍ത്തിയെടുക്കണം. സ്‌കൂള്‍ കുട്ടികളുടെ സ്‌ട്രെസ് പരിഹരിക്കാനുള്ള പ്രധാനവഴി അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള അടുത്ത ബന്ധവും സഹകരണവുമാണ്.
ലക്ഷണങ്ങള്‍
സ്‌ട്രെസ് കൗമാരക്കാരെ പല രീതിയിലാണ് ബാധിക്കുന്നത്. അത് അവരുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കും. ആവര്‍ത്തിച്ചുള്ള തലവേദന, വയറുവേദന, ക്ഷീണം, പെട്ടെന്നുള്ള ദേഷ്യം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ മുതലായവയൊക്കെ സ്‌ട്രെസിന്റെ പരിണിതഫലങ്ങളാകാം.
ശാരീരികം
- പതിവായി ക്ഷീണം അനുഭവപ്പെടുക
- ഉറങ്ങാന്‍ സാധിക്കാതെ വരിക
- വിശപ്പില്ലായ്മ
- വയറുവേദന, തലവേദന
- പിടലിക്കും തോളിനുമുള്ള വേദന
വൈകാരികം
- കാരണമില്ലാതുള്ള സങ്കടം
- പെട്ടെന്ന് ദേഷ്യം വരിക
- പാഠ്യവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക
സ്‌ട്രെസ് പരിഹരിക്കാന്‍ ശ്രമിക്കേണ്ടത് അത് ഉണ്ടാകുന്നതുവരെ കാത്തിരുന്നിട്ടല്ല. അത് ഇല്ലാത്തപ്പോള്‍പോലും കുട്ടികള്‍ക്ക് യോജിച്ച നല്ലൊരു ദിനചര്യ സ്ഥിരമായി പാലിക്കണം.
1. കളിസമയം
കൊച്ചുകുട്ടികള്‍ക്ക് കളിയാണ് ഏറ്റവും ഇഷ്ടം. കൃത്യമായ വ്യവസ്ഥകളൊന്നുമില്ലാത്ത കളികളാണെങ്കില്‍ അവര്‍ കൂടുതല്‍ ആസ്വദിക്കും. മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വെള്ളത്തില്‍ കളിക്കുന്നത് ഇഷ്ടപ്പെടും.
2. ഉറക്കം
പത്തു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെയെങ്കിലും കൊച്ചുകുട്ടികള്‍ക്ക് ഉറക്കം കിട്ടണം. പതിവായ ഉറക്കസമയം പാലിക്കണം. കിടക്കുന്നതിനുമുമ്പ് പാട്ട്, കഥപറച്ചില്‍ ഒക്കെ ആകാം.
3. ശാരീരികാഭ്യാസം
ഓട്ടവും ചാട്ടവുമൊക്കെ കുട്ടികളുടെ സ്‌ട്രെസ് കുറയ്ക്കും; അവരുടെ ശാരീരികാരോഗ്യം കൂട്ടുകയും ചെയ്യും. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇത്തരം കായികവിനോദങ്ങളില്‍ കുട്ടികള്‍ വ്യാപൃതരാകുന്നത് നല്ലതാണ്. ടിവി, കമ്പ്യൂട്ടര്‍ ഗെയിം ഇവയുടെ സമയം ക്രമപ്പെടുത്തുക, കുറയ്ക്കുക.
4. തിരഞ്ഞെടുപ്പിനുള്ള അവസരം
ചെറിയ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം കൊടുക്കണം. “ഇന്ന് ചുവന്ന ഷര്‍ട്ടു വേണോ, പച്ച വേണോ?” തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന അവബോധത്തിലേക്ക് അവര്‍ വളര്‍ന്നുവരും.
5. സ്‌നേഹപ്രകടനം
കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക; ലാളിക്കുക, ഉമ്മവയ്ക്കുക. നിങ്ങള്‍ക്ക് സ്‌ട്രെസ് ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങള്‍ കുട്ടികള്‍ക്ക് മാതൃകയാകുകയും ചെയ്യുക.
6. പ്രാര്‍ഥന
ഇതിനെല്ലാമപ്പുറത്ത് ഒരു കാര്യമുണ്ട്. പ്രാര്‍ഥനയില്‍ ജാഗ്രതയുള്ളവരായിരിക്കാന്‍ കുട്ടികളോടു പറയുക. പ്രാര്‍ഥനയ്ക്ക് മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കും.