ഗാസയിൽ സ്ഥിരമായി അധിനിവേശം നടത്താനോ, അവിടത്തെ സാധാരണക്കാരെ ഒഴിപ്പിക്കാനോ ഇസ്രായേൽ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യത്തിലാണ് നെതന്യാഹു ഇപ്രകാരം പറഞ്ഞത്. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി വാദം കേൾക്കുന്നതിന്റെ തലേന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്.
“എനിക്ക് കുറച്ചുകാര്യങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹമുണ്ട്. ഗാസ സ്ഥിരമായി പിടിച്ചടക്കാനോ, അവിടത്തെ സിവിലിയൻ ജനതയെ മാറ്റിപ്പാർപ്പിക്കാനോ ഇസ്രായേലിന് ഉദ്ദേശ്യമില്ല. ഇസ്രായേൽ, ഹമാസ് തീവ്രവാദികളോടാണ് പോരാടുന്നത്; പലസ്തീൻ ജനതയോടല്ല. ഞങ്ങൾ അത് ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായും പാലിച്ചാണ്. ഗാസയെ ഹമാസ് ഭീകരരിൽനിന്ന് മോചിപ്പിക്കുകയും ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് സാക്ഷാത്കരിച്ചാൽ, ഗാസയെ സൈനികവൽക്കരിക്കാനും വിഘടനവൽക്കരിക്കാനും കഴിയും. അതുവഴി ഇസ്രായേലിനും പലസ്തീനിക്കും ഒരുപോലെ മികച്ച ഭാവിക്കുള്ള സാധ്യത സൃഷ്ടിക്കും” – നെതന്യാഹു പറഞ്ഞു.
അതേസമയം, ഗാസയ്ക്കു പുറത്ത് പാലസ്തീനികളെ സ്വമേധയാ പുനരധിവസിപ്പിക്കാനുള്ള ആശയത്തിന് നെതന്യാഹു മുമ്പ് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും യു എസിൽ നിന്നുള്ള തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആ തീരുമാനം പിൻവലിച്ചിരിക്കുകയാണ്.