ഗാസ മുനമ്പിലെ നഗരമായ ഖാൻ യൂനിസിലെ ഭൂഗർഭ തുരങ്കത്തിൽനിന്നും ബന്ദികളെ പാർപ്പിച്ചിരുന്നതിന്റെ തെളിവുകൾ ലഭിച്ചതായി ഇസ്രായേൽ സൈന്യം. കനത്ത പോരാട്ടം നടന്ന നഗരത്തിന്റെ ഒരു ഭാഗത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിനു സമീപത്തുള്ള പല കെട്ടിടങ്ങളും പോരാട്ടത്തിൽ തകർന്നിരുന്നു.
തുരങ്കത്തിന്റെ പ്രവേശനകവാടം തകരപ്പാട്ട ഉപയോഗിച്ചു മറച്ച നിലയിലായിരുന്നു കാണപ്പെട്ടത്. പ്രവേശനകവാടത്തിൽനിന്നും 2.5 മീറ്റർ (8 അടി) താഴേക്ക് ഇറങ്ങുന്നതിനായി ഒരു താൽക്കാലിക ഗോവണിയും സ്ഥാപിച്ചിരുന്നു. കോൺക്രീറ്റും ഇലക്ട്രിക്കൽ വയറുകളുംകൊണ്ട് ചുവരുകൾ നിരത്തിയ തുരങ്കം ചൂടും ഈർപ്പവുമുള്ളതായിരുന്നു. അകത്ത് ഒരു കുളിമുറി ഉണ്ടായിരുന്നു. അവിടെ ബന്ദികൾ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി സൈന്യം വെളിപ്പെടുത്തി.
തുരങ്കത്തിൽനിന്ന് കൃത്യമായി എന്താണ് കണ്ടെത്തിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും സൈന്യത്തിന്റെ മുഖ്യവക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി വെളിപ്പെടുത്തിയിട്ടില്ല. ബന്ദികൾ ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ അല്ലെങ്കിൽ അവർ ആരൊക്കെയായിരുന്നു തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ വെളിപ്പെടുത്താതെ, ബന്ദികളാക്കപ്പെട്ടവർ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് തടവിലാക്കപ്പെട്ടത് എന്നാണ് സൈന്യം പറയുന്നത്.
ഇത്തരത്തിലുള്ള അനേകം തുരങ്കങ്ങൾ ഗാസയിലുടനീളമുണ്ടെന്നാണ് സൈനികർ വെളിപ്പെടുത്തുന്നത്. ഈ തുരങ്കങ്ങൾക്കുള്ളിലിരുന്നാണ് ഹമാസ് പ്രവർത്തിക്കുന്നത്. തുരങ്കസംവിധാനത്തിന്റെ നാശമാണ് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പ്രധാന ലക്ഷ്യമാക്കിയത്. ഹമാസ് നേതാവ് യെഹ്യ സിൻവാർ ഖാൻ യൂനിസിലെവിടെയോ ഒരു തുരങ്കത്തിൽ ഒളിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു.