Sunday, November 24, 2024

കോവിഡ് വ്യാപന സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന

ആഗോള അടിയന്തരാവസ്ഥ അല്ലെങ്കിലും കോവിഡ് രോഗസാധ്യത ഇപ്പോഴും കൂടുതലാണെന്ന് വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം. പുതുവർഷത്തിൽ ആദ്യം നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് ഇപ്പോഴും വ്യാപകമായി പടരുകയും രൂപമാറ്റം സംഭവിക്കുകയും മരണം നടക്കുകയും ചെയ്യുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യുന്നത് കോവിഡിന്‌റെ ജെഎൻ.1 വകഭേദമാണ്. ക്രിസ്മസും അവധിക്കാല ഒത്തുചേരലുകളും മൂലം കഴിഞ്ഞ മാസം യൂറോപ്പിലും അമേരിക്കയിലും കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയിരുന്നു. നവംബർ മാസവുമായി താരതമ്യം ചെയ്താൽ ഡിസംബറിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 42 ശതമാനവും ഇന്‌റൻസീവ് കെയർ യൂണിറ്റുകളിലെ പ്രവേശനത്തിൽ 62 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനാൽ അലംഭാവം വെടിഞ്ഞു രാജ്യങ്ങൾ നിരീക്ഷണം ശക്തമാക്കുവാനും വിശ്വസനീയമായ ചികിത്സയും വാക്‌സിനുകളും സജ്ജമാക്കാനും ടെഡ്രോസ് സർക്കാരുകളോട് ആവശ്യപ്പെട്ടു. ഒപ്പം തന്നെ വാക്‌സിനേഷൻ നൽകാനും രോഗബാധിതരെന്നു സംശയം തോന്നിയാൽ പരിശോധന നടത്തുവാനും ആവശ്യമുള്ളിടത്ത് മാസ്‌കുകൾ ധരിക്കാനും തിരക്കേറിയ ഇൻഡോർ ഇടങ്ങൾ നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കാനും വ്യക്തികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News