ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും. രണ്ടാം തീയതി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്ര ബജറ്റ് ഒന്നാം തീയതിയായേക്കുമെന്ന സൂചനകളെ തുടർന്നാണ് മാറ്റം. ഈ മാസം 25 ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനത്തിന്റെ തുടക്കം.
29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 1, 2 തീയതികളിൽ ബില്ലുകളും മറ്റും പരിഗണിക്കും. ബജറ്റ് കഴിഞ്ഞ് ഫെബ്രുവരി 6 മുതൽ 11 വരെയും 15 മുതൽ 25 വരെ നിയമസഭ ഉണ്ടായിരിക്കില്ല. 26 നു പുനരാരംഭിക്കുന്ന സമ്മേളനം സമ്പൂർണ ബജറ്റ് പാസാക്കുന്ന നടപടികളിലേക്കു കടക്കും. ബജറ്റ് പാസാക്കിയ ശേഷം മാർച്ച് 27ന് സമാപിക്കുന്ന വിധത്തിലാണ് കാര്യപരിപാടികൾ തയാറാക്കിയിരിക്കുന്നത്.
ഫെബ്രുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ സമ്മേളനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചേക്കും. അങ്ങനെയായാൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയും.