‘സത്യത്തെ തന്നെ പിന്‍തുടരുക. ഭീരുത്വവും കാപട്യവും ദൂരെ കളയുക. ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല ഓടിയൊളിക്കാന്‍ നോക്കരുത്.’
സ്വാമി വിവേകാനന്ദന്‍ യുവജനങ്ങളോട് പങ്കുവെക്കുന്ന ഈ സന്ദേശം പഴകും തോറും വീര്യമേറുന്ന വീഞ്ഞ് പോലെ ഭാരതത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ ഒരോ അഞ്ചാമത്തെ യുവജനവും ഇന്ത്യക്കാരനാണ് എന്ന യാത്ഥാര്‍ഥ്യം കൂടി കണക്കിലെടുക്കുമ്പോള്‍ സ്വാമിജിയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറുകയാണ്.
സ്വാമി വിവേകാനന്ദന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1984 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാമിയുടെ ജന്മദിനമായ ജനുവരി 12 യുവജനദിനമായി പ്രഖ്യാപിച്ചത്.
‘ഒരു നിമിഷം കൊണ്ട് ലോകത്തെ തന്റെ നേര്‍ക്കു തിരിച്ചുനിര്‍ത്തിയ യുവസന്യാസി’ യെന്നാണ് കവി പി കുഞ്ഞിരാമന്‍ നായര്‍ സ്വാമി വിവേകാനന്ദനെ വിശേഷിച്ചത്. 1893-ല്‍ ചിക്കാഗോയിലെ പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്‍സില്‍ ചെയ്ത പ്രഭാഷണമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ‘ചിക്കാഗോ പ്രസംഗം’ എന്ന പേരില്‍ പിന്നീടത് ലോക പ്രശസ്തമായി.
പൗരസ്ത്യ, പാശ്ചാത്യ സംസ്‌കാരങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനത്തോടൊപ്പം ഉജ്ജ്വലമായ സംഭാഷണചാതുരിയും വിശാലമായ മാനുഷിക മൂല്യങ്ങളും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം പാശ്ചാത്യര്‍ക്ക് പുതിയൊരു ആകര്‍ഷണീയതയായി മാറി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ യുവാക്കള്‍ക്ക് പ്രചോദനമായി മാറി.
യുവാക്കള്‍ അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് അവര്‍ ആഗ്രഹിക്കുന്നതെന്തും നേടണമെന്ന് വിവേകാനന്ദന്‍ ആഗ്രഹിച്ചു. ലോകത്തെ വിജയിപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങള്‍ സമാധാനവും വിദ്യാഭ്യാസവുമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ദരിദ്ര നാരായണന്‍മാര്‍ ജീവിക്കുന്ന ഭാരതത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെ കാല്‍ നടയായി സഞ്ചരിച്ച സ്വാമിജി തന്റെ ആശയങ്ങള്‍ നടപ്പിലാക്കാനായി സ്ഥാപിച്ച രാമകൃഷ്ണ മിഷന്‍ വലിയ സാമൂഹ്യ മുന്നേറ്റത്തിന് കാരണമായി.
കേവലം 40 വയസ്സ് വരെ മാത്രം ജീവിച്ച വിവേകാനന്ദ സ്വാമികളുടെ വാക്കും പ്രവൃത്തിയും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. ഞാനൊരു സോഷ്യലിസ്റ്റ് ആണെന്ന് വിളിച്ച് പറഞ്ഞ കാവിയുടുത്ത വിപ്ലവകാരിയായ സ്വാമിജി സമകാലിക ഇന്ത്യയുടെ നീറുന്ന യാത്ഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി മാറുന്നു . ദാരിദ്രവും തൊഴിലില്ലായ്മയും സ്വജനപക്ഷപാതവും എല്ലാം അരങ്ങു വാഴുന്ന കാലത്ത് നെഞ്ച്‌വിരിച്ച് വെല്ലുവിളികളെ നേരിടാന്‍ ഓരോ യുവാവിനും യുവതിക്കും വിവേകാനന്ദ സ്മരണ പ്രചോദനമാകട്ടെ.
ഡോ. സെമിച്ചന്‍ ജോസഫ്
(സാമൂഹ്യ പ്രവര്‍ത്തകനും സ്മാര്‍ട്ട് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകന്‍ )