ഗൂഗിളില്‍ നിന്ന് വീണ്ടും നൂറ് കണക്കിനാളുകളെ പിരിച്ചുവിടുകയാണെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ അസിസ്റ്റന്റ് സോഫ്റ്റ് വെയര്‍, ഡിവൈസസ്, സര്‍വീസസ് വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഫിറ്റ്ബിറ്റിന്റെ സഹസ്ഥാപകരായ ജെയിംസ് പാര്‍ക്കും എറിക് ഫ്രൈഡ്മാനും ഫിറ്റ്ബിറ്റിന്റെ നേതൃനിരയിലുണ്ടായിരുന്ന മറ്റുള്ളവരും ഗൂഗിള്‍ വിടുകയാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.
കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ നിശ്ചിത ഇടവേളകളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ഇത്തവണ എത്ര പേരെയാണ് പിരിച്ചുവിടുന്നത് എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. പുതിയ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ സംയോജിപ്പിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ പുനഃസംഘടന ഗൂഗിള്‍ അസിസ്റ്റന്റിനെ മെച്ചപ്പെടുത്തും എന്ന വിശദീകരണമാണ് ഗൂഗിള്‍ നല്കുന്നത്.
ഗൂഗിള്‍ അസിസ്റ്റന്റിന്റെ പുതിയ പതിപ്പില്‍ ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ് ബോട്ടായ ബാര്‍ഡ് ഉള്‍പ്പെടുത്തുമെന്ന് ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ മാപ്പിങ് ആപ്പായ വേസില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടും. ഡിവൈസസ് ആന്‍ഡ് സര്‍വീസസ് ടീമില്‍ നിന്ന് നൂറുകണക്കിന് പേരെ നേരത്തേ പിരിച്ചുവിട്ടിരുന്നു.
ഗൂഗിളിന്റെ വിവിധ ഉത്പന്നങ്ങളില്‍ എഐ സാങ്കേതികത പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2023 ഡിസംബറില്‍ അവതരിപ്പിച്ച ജെമിനി എന്ന എഐ മോഡല്‍ കൂടുതല്‍ ഉല്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനി. പരസ്യ വിതരണ സംവിധാനത്തില്‍ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനും പരമാവധി ജീവനക്കാരെ ഒഴിവാക്കാനുമാണ് പദ്ധതി.