അമ്മമാരെയും കുട്ടികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള അശ്ലീല വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ബാലവകാശ കമ്മീഷന് (എന്‍സിപിസിആര്‍). ഇതിനെ തുടര്‍ന്ന് ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ചാനലുകളുടെ പട്ടിക ഹാജരാക്കാന്‍ യൂട്യൂബ് ഇന്ത്യയ്ക്ക് നോട്ടീസ് നല്കി. യൂട്യൂബ് ഇന്ത്യയുടെ ഇന്ത്യയിലെ ഗവണ്മെന്റ് അഫയേഴ്സ് ആന്‍ഡ് പബ്ലിക് പോളിസി മേധാവി മീര ചാറ്റിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരോട് ജനുവരി 15ന് ബാലാവകാശ കമ്മീഷനു മുന്നില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മമാരും മക്കളും ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്ന ഭയാനകമായ ഒരു പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്‍സിപിസിആര്‍ മേധാവി പ്രിയങ്ക് കനൂംഗോ കത്തില്‍ വ്യക്തമാക്കി. ”ഇത് കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഈ വീഡിയോകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യൂവര്‍ഷിപ്പ് ഉണ്ട്. ഇതും കാര്യമായ ആശങ്ക ഉയര്‍ത്തുന്നുണ്ട് ‘ എന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.