പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെ അന്വേഷിച്ച് എന്‍ഐഎ. പ്രതിയെ പിടികൂടിയ മട്ടന്നൂര്‍ ബേരത്ത് അന്വേഷണസംഘം വീണ്ടുമെത്തി. സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ് ഡി പി ഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മട്ടന്നൂരിലെത്തുന്നതിന് മുന്‍പ് സവാദ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നല്‍കിയവരെ കേന്ദ്രീകരിച്ച് സമാനമായ അന്വേഷണം നടത്തുന്നുണ്ട്.
ഷാജഹാന് എന്ന പേരില്‍ ഒളിവില്‍ കഴിയാന്‍ സവാദിന് പ്രാദേശിക സഹായം ലഭിച്ചു എന്ന കാര്യം എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സവാദ് അറസ്റ്റിലായതിന് തൊട്ടു പിന്നാലെ റിയാസ് ഒളിവിലായി. ഇയാള്‍ കേരളത്തില്‍ നിന്നും കടന്നതായാണ് സൂചന. റിയാസിനെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അന്വേഷണസംഘം മട്ടന്നൂര്‍ കുംഭംമൂലയിലെത്തിയിരുന്നു. പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ബേരത്തേക്ക് സവാദ് താമസം മാറ്റുന്നതിന് മുന്‍പ് ഇരിട്ടി വിളക്കോടാണ് താമസിച്ചിരുന്നത്.
ഇവിടെ വാടക വീട് നല്കിയ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വളപട്ടണം മന്നയില്‍ അഞ്ചു വര്‍ഷം സവാദ് കഴിഞ്ഞിരുന്നതായും ഇവിടെയുള്ള ഫ്രൂട്സ് കടയില്‍ ജോലി ചെയ്തിരുന്നതായും പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കട ഉടമയെ കേന്ദ്രീകരിച്ച് സംഘം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രതിക്ക് ഒളിവില്‍ കഴിയാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതാണ് സംഘം പരിശോധിക്കുന്നത്.