Monday, November 25, 2024

‘ഓപ്പറേഷന്‍ സര്‍വശക്തി’; പാക് ഭീകരരെ തുരത്താന്‍ സൈനിക നീക്കം ആരംഭിച്ച് ഇന്ത്യന്‍ കരസേന

ജമ്മു കശ്മീരില്‍ ആക്രമണം തുടരുന്ന പാക് ഭീകരരെ തുരത്താന്‍ ‘ഓപ്പറേഷന്‍ സര്‍വശക്തി’ എന്ന പേരില്‍ സൈനിക നീക്കം ആരംഭിച്ച് ഇന്ത്യന്‍ കരസേന. കശ്മീരിലെ പിര്‍ പാഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ അമര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ദൗത്യത്തിന് തുടക്കമായത്. രജൗറി, പൂഞ്ച് മേഖലകളില്‍ സമീപ കാലത്തായി തീവ്രവാദികളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് കരസേന നിര്‍ണായക നീക്കത്തിനു തയാറായത്.

ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ്, നഗ്രോത്ത ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്സ് എന്നിവ ഒരേസമയം സൈനിക നീക്കം നടത്തുമെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, പ്രത്യേക ദൗത്യസംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയും ദൗത്യത്തിന്റെ ഭാഗമാകും. ഇതേ മേഖലയില്‍നിന്ന് തീവ്രവാദികളെ ഒഴിപ്പിക്കാനായി 2003ല്‍ നടത്തിയ ഓപ്പറേഷന്‍ സര്‍പ്പവിനാശിന് സമാനമായ ദൗത്യമാണ് ഓപ്പറേഷന്‍ സര്‍വശക്തിയും.

മേഖലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ 2003 ലെ ദൗത്യത്തിനു ശേഷം ഏതാണ്ട് അവസാനിച്ചതായി കരസേനാ മേധാവി മനോജ് പാണ്ഡെ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നടന്ന ഏറ്റുമുട്ടലുകളില്‍ ഇരുപതോളം സൈനികര്‍ വീരമൃത്യു വരിച്ചു. ഡിസംബറില്‍ സൈനിക വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്ത സംഭവത്തില്‍ മാത്രം നാലു സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യം പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.

 

Latest News