Monday, November 25, 2024

‘ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള’ ഇന്നു മുതല്‍; 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍

തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഇനി സയന്‍സിന്റെ ആഘോഷം. 25 ഏക്കര്‍ വിസ്തൃതിയില്‍, രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇന്നു മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഒരുമാസം നീണ്ടുനില്‍ക്കും.

സയന്‍സിലൂടെ മനസിലാക്കിയിട്ടുള്ള അറിവുകളുടെ വിപുലമായ മാതൃകകളാണ് ഓരോ പവലിയനിലും സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയ എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാഴ്ചക്കാര്‍ക്ക് അനുഭവവേദ്യമാകും.

ദിനോസറിന്റെ യഥാര്‍ഥ വലിപ്പത്തിലുള്ള അസ്ഥികൂടത്തിന്റെ മാതൃക, എച്ച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃക, മ്യൂസിയം ഓഫ് ദ മൂണ്‍ തുടങ്ങി സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്ന പലതും പവലിയനുകളില്‍ ഒരുക്കിയിട്ടുണ്ട്. ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്.

ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ നൈറ്റ് സ്‌കൈ വാച്ചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20-ന് ആരംഭിക്കും. മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് സ്‌കൈവാച്ചിങ് ആന്‍ഡ് ടെന്റിങ് ഉണ്ടാകുക.

ലൈഫ് സയന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷംകൂടിയാകും ഫെസ്റ്റിവല്‍. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും.

പ്രഭാഷണ പരിപാടികളുടെ ഭാഗമായി നടക്കുന്ന ഡോ. കൃഷ്ണ വാര്യര്‍ മെമ്മോറിയല്‍ ലക്ചറില്‍ ഡോ. മധുലിക ഗുഹാത്തകുര്‍ത്ത സംസാരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും.

ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി പ്രഭാഷണ പരിപാടികളും കലാ സാംസ്‌കാരിക പരിപാടികളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചലച്ചിത്ര താരം നവ്യാനായര്‍ നൃത്തം അവതരിപ്പിക്കും. ഫെസ്റ്റിവലിന്റെ ടിക്കറ്റ് ഓണ്‍ലൈനായും ലഭ്യമാണ്. ംംം.ഴളെസ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

 

Latest News