Monday, November 25, 2024

ഗാസയില്‍ വെടിനിര്‍ത്തണം; പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാക്കണം; ഇസ്രായേലിനോട് ആവശ്യപ്പെട്ട് ചൈന

ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസത്തില്‍ എത്തിയപ്പോഴാണ് ചൈനയുടെ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാക്കണമെന്നും കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.

കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിക്കോ ചെകുത്താന്മാരുടെ അച്ചുതണ്ടിനോ മാത്രമല്ല, ലോകത്താര്‍ക്കും തങ്ങളെ തടയാനാകില്ലെന്ന് ഗാസ യുദ്ധത്തിന്റെ നൂറാം ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞു.

 

Latest News