തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വര്‍ധിക്കുന്നതിനിടെ കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു മാര്‍ക് മില്ലര്‍ വ്യക്തമാക്കിയില്ല. ഒരു കനേഡിയന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രിയുടെ പ്രതികരണം. കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
നിയന്ത്രണാതീതമെന്നാണു നിലവിലെ അവസ്ഥയെ മന്ത്രി വിശേഷിപ്പിച്ചത്. പരിഭ്രമം ജനിപ്പിക്കുന്ന കണക്കുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി കൊണ്ടുവരുന്നതു കാനഡയില്‍ വീട് ലഭ്യതക്കുറവിനുള്ള ഏക പരിഹാരമായിട്ടല്ല കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022ല്‍ എട്ടു ലക്ഷത്തില്‍ പരം വിദേശ വിദ്യാര്‍ഥികളാണു കാനഡയിലുണ്ടായിരുന്നത്. 2012 ല്‍ ഇത് 2,75,000 ആയിരുന്നു. എളുപ്പത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കഴിയുന്ന രാജ്യമായതിനാല്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് കാനഡ.