സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകുന്നതില്‍ യാത്രക്കാരും കാരണമാകുന്നതായി റെയില്‍വേ. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് വൈകാനുള്ള പ്രധാന കാരണം. ഡിവിഷനില്‍ മാത്രം 10 മാസത്തിനുള്ളില്‍ 614 തവണയാണ് അപായ ചങ്ങല വലിച്ച് ട്രെയിനുകള്‍ നിറുത്തിച്ചത്.
2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പാലക്കാട് ഡിവിഷനില്‍ 614 തവണ ട്രെയിന്‍ നിര്‍ത്തിച്ചത്. ഇത്തരത്തില്‍ ഒരു മാസം ശരാശരി 61 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിഭാഗം അലാറം ചെയിന്‍ പുള്ളിംഗും (എ.സി.പി.) നടത്തിയത് നിസാര കാരണത്തിനാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും തവണ അപായ ചങ്ങല വലിച്ചതോടെ 12.48 മണിക്കൂറോളം വണ്ടികള്‍ വൈകുന്നതായി അധികൃതര്‍ പറയുന്നു.
അപായ ചങ്ങല വലിക്കുന്നതില്‍ വന്‍ വര്‍ദ്ധനയാണ് പാലക്കാട് ഡിവിഷനില്‍ രേഖപ്പെടുത്തിയത്. 2018 ല്‍ പാലക്കാട് ഡിവിഷനില്‍ ചങ്ങല വലിച്ച് വണ്ടി നിറുത്തിയതിനേക്കാള്‍ 143 ശതമാനം വര്‍ദ്ധനയാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ 252 തവണ ചങ്ങല വലിച്ചു. 147 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2019 ല്‍ 137 തവണ ചങ്ങല വലിച്ചതില്‍ 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2023ല്‍ ഡിവിഷന് കീഴില്‍ ചങ്ങല വലിച്ച 614 കേസുകളില്‍ 446 എണ്ണവും അനാവശ്യമായിരുന്നു. 168 എണ്ണമാണ് അനിവാര്യമായ സാഹചര്യത്തില്‍ ചങ്ങല വലിച്ചതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ഏറ്റവുമധികം തവണ അപായ ചങ്ങല വലിച്ചിട്ടുള്ളത് ജനറല്‍ കോച്ചുകളിലാണ്. ഇതില്‍ 283 കേസുകള്‍ ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അപായ ചങ്ങല വലിച്ച കേസുകളില്‍ ഒട്ടുമിക്കതിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.