കരിയറില്‍ ആദ്യമായി ഇന്ത്യന്‍ ചെസ്സിലെ ഒന്നാം നമ്പര്‍ താരമായി ആര് പ്രഗ്നാനന്ദ. ടാറ്റ സ്റ്റീല്‍സ് ചെസ്സ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന് ഡിങ് ലിറനെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം. വിശ്വനാഥന് ആനന്ദിനെ മറികടന്നാണ് പ്രഗ്നാനന്ദ ഈ നേട്ടം കൈവരിച്ചത്. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോല്‍പ്പിച്ചത്.
ഡിങ് ലിറനെതിരായ വിജയത്തില്‍ സന്തോഷമുണ്ടെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു. ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. എങ്കിലും തുടക്കം മുതല്‍ മത്സരം തനിക്ക് അനുകൂലമായിരുന്നു. ആദ്യ നിമിഷങ്ങളില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിച്ചു. തന്റെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഡിങ് ലിറന് കഴിഞ്ഞില്ലെന്നും പ്രഗ്നാനന്ദ വ്യക്തമാക്കി.
ലോക ചെസ്സ് റാങ്കിങ്ങില്‍ 11-ാം സ്ഥാനത്താണ് പ്രഗ്നാനന്ദ. ഒന്നാം സ്ഥാനത്ത് നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ്. ഇന്ത്യന്‍ താരങ്ങളായ വിശ്വനാഥന് ആനന്ദ് 12-ാമതും വിദിത് സന്തോഷ് 13-ാം സ്ഥാനത്തുമുണ്ട്.