Sunday, November 24, 2024

ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക; വ്യാപാര കപ്പലുകള്‍ തടയാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ചെങ്കടലിലെ കപ്പലുകള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഹൂതികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച അമേരിക്കയും ബ്രിട്ടണും സംയുക്തമായി ഹൂതി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ നിന്ന് പിന്മാറില്ലെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു.

പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ചെങ്കടലില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ഹൂതി വിമതര്‍ ശ്രമിക്കുന്നതെന്നും യുഎസ് സൈന്യം ആരോപിച്ചു. തുടര്‍ച്ചയായ ഭീഷണികള്‍ക്ക് പിന്നാലെ ഹൂതി വിമതരെ അമേരിക്ക ആഗോള ഭീകരരായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

യുഎസ് നാവികസേനയുടെ യുദ്ധവിമാനങ്ങളാണ് ഏറ്റവും പുതിയ ആക്രമണം നടത്തിയതെന്ന് ഡെപ്യൂട്ടി പെന്റഗണ്‍ പ്രസ് സെക്രട്ടറി സബ്രീന സിംഗ് പറഞ്ഞു. വ്യാപാര കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം തുടരുകയാണെന്നും, ഇത്തരം ഭീഷണികള്‍ അംഗീകരിച്ച് കൊടുക്കാനാകില്ലെന്നും യുഎസ്
സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇതോടെയാണ് ഇന്നലെ രാവിലെ ഹൂതികള്‍ക്ക് നേരെ അമേരിക്ക തിരിച്ചടിച്ചത്. തങ്ങള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും, സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അവയെ തകര്‍ത്തതായും പ്രസ്താവനയില്‍ പറയുന്നു.

Latest News