36നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ ആത്മഹത്യ പ്രവണത കൂടുന്നതായി യുവജന കമ്മീഷന്റെ കണ്ടെത്തല്‍. യുവാക്കളിലെ ആത്മഹത്യ പ്രവണത പ്രതിരോധിക്കാന്‍ സംസ്ഥാന യുവജന കമ്മീഷന് നടത്തിയ പഠനത്തിലാണ് പുതിയ കണക്ക്.
ലോകത്താകെ യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സമാന അനുഭവങ്ങള്‍ പഠിച്ച് പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. അഞ്ചുവര്‍ഷത്തിനിടെ 18 മുതല്‍ 45 വരെ വയസ്സുള്ളവരില്‍ നടന്ന ആത്മഹത്യകളാണ് പഠനവിധേയമാക്കിയത്. സംസ്ഥാനത്താകെ 800ല്‍ അധികം ആത്മഹത്യകളെ സംബന്ധിച്ച് വിദഗ്ധസംഘം ശാസ്ത്രീയ പഠനം നടത്തിയതിലൂടെയാണ് 36 മുതല്‍ 40 വരെ പ്രായമുള്ളവരില്‍ കൂടുതല്‍ ആത്മഹത്യയുണ്ടായെന്ന് കണ്ടെത്തിയത്.
തൊഴില്‍രഹിതരായ യുവാക്കളെക്കാള്‍ തൊഴില്‍ ചെയ്യുന്നവരിലെ ആത്മഹത്യയാണ് കൂടുതല്‍. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. സാമൂഹികമായി മറ്റ് ഇടപെടലുകള്‍ നടത്താത്തവരിലും സാമൂഹ്യ, രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്തവരുമാണ് ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടതെന്നാണ് പഠന റിപ്പോട്ടിന്റെ സംഗ്രഹം. ആത്മഹത്യക്ക് ഇരയായവരില്‍ ഭൂരിഭാഗവും ലഹരിയോട് ആസക്തിയുള്ളവരാണെന്നും റിപ്പോട്ടിലുണ്ട്.
ആത്മഹത്യക്ക് ഇരയായവരില്‍ ഭൂരിഭാഗവും മദ്യം, മയക്കുമരുന്ന് ആസക്തിയുള്ളവരാണെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ലഹരി ഉപയോഗം പ്രശ്നങ്ങളെ മറികടക്കാനുള്ള എളുപ്പവഴിയാണെന്ന ധാരണയെ പൊളിക്കുന്നതാണ് പഠന റിപ്പോര്‍ട്ട്. ലഹരി ഉപയോഗം ചെറിയ പ്രതിസന്ധികളെപ്പോലും നേരിടാന്‍ കഴിയാത്ത വിധത്തിലേക്ക് ആളുകളെ മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.