സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പാകിസ്താന് -ഇറാന് വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു. പരസ്പര വിശ്വാസവും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ പ്രശ്നവും പറഞ്ഞുതീര്‍ക്കാന്‍ പാകിസ്താന് സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജീലാനി പറഞ്ഞു.
സുരക്ഷ വിഷയങ്ങളില്‍ മികച്ച സഹകരണവും ആശയവിനിമയവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാനും ഇതേ വികാരം പങ്കുവെച്ചതായി പാക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
നേരത്തെ ജീലാനി തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാഷ്ട്രങ്ങളുമായും അടുത്ത ബന്ധമുള്ള ചൈനയും നയതന്ത്ര ഇടപെടല്‍ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ജെയ്ശ് അല്‍ അദല്‍ ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാന് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണമാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. തുടര്‍ന്ന് ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു.
ഇറാന് ആക്രമണത്തിന് പിന്നാലെ പാകിസ്താന് തെഹ്റാനില്‍നിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു. നേരത്തേ നിശ്ചയിച്ച എല്ലാ ഉഭയകക്ഷി ഉന്നതതല സന്ദര്‍ശനങ്ങളും റദ്ദാക്കുകയും ചെയ്തു.