ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയിലുള്ള ആണവ ആക്രമണ ഡ്രോണ്‍ പരീക്ഷിച്ചതായി ഉത്തര കൊറിയ. മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്നത് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനുമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി.
ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന തന്റെ രാജ്യത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും ദക്ഷിണ കൊറിയയെ വിദേശ എതിരാളിയായി നിര്‍വചിക്കുന്നതിനായി ഭരണഘടന മാറ്റിയെഴുതുമെന്നും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡ്രോണ്‍ പരീക്ഷണം.
നിലവില്‍ കൊറിയന്‍ മേഖല സംഘര്‍ഷഭരിതമാണ്. ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ആയുധപ്രദര്‍ശനങ്ങള്‍ ത്വരിതപ്പെടുത്തുകയും ആണവ ആക്രമണമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മറുപടിയായി യുഎസും ഏഷ്യന്‍ സഖ്യകക്ഷികളും സംയുക്ത സൈനികാഭ്യാസങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ആണവ ഡ്രോണ്‍ വികസിപ്പിച്ചിരുന്നു.
ശത്രു കപ്പലുകളിലും തുറമുഖങ്ങളിലും ആക്രമണം നടത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡ്രോണിന്റെ കഴിവുകള്‍ ഉത്തര കൊറിയ പെരുപ്പിച്ചു കാട്ടിയതായി ദക്ഷിണ കൊറിയ തിരിച്ചടിച്ചു. ജെജു ദ്വീപിന് സമീപം മൂന്ന് ദിവസത്തെ സംയുക്ത സൈനികാഭ്യാസം നടത്തിയ യുഎസ്, ദക്ഷിണ കൊറിയ, ജാപ്പനീസ് നാവിക സേനകള്‍ക്ക് മറുപടിയായാണ് കടലില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ആയുധത്തിന്റെ പരീക്ഷണം നടത്തിയതെന്ന് ഉത്തര സൈന്യം അറിയിച്ചു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നാവിക ആക്രമണങ്ങളെ ചെറുക്കാന്‍ ആയുധത്തിന് കഴിയുമെന്ന് നോര്‍ത്ത് കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരകൊറിയയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ജപ്പാന്റെയും നീക്കങ്ങളെ അപലപിക്കുന്നതായും പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഉത്തരകൊറിയ അറിയിച്ചു.