Monday, November 25, 2024

പാലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 16000 സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന

ഇസ്രായേല്‍ അധിനിവേശം നടക്കുന്ന പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 16000 സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന കനത്ത വ്യോമാക്രമണത്തിലും ബോംബാക്രമണത്തിലും നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഒരിടവും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഗാസയില്‍ സ്ത്രീകള്‍ അടക്കം ലക്ഷകണക്കിന് പേരാണ് പലായനം ചെയ്തത്. ഇസ്രായേല്‍ അധിനിവേശം സ്ത്രീകളെ എങ്ങനെ ബാധിച്ചെന്നെതിനെ കുറിച്ച് യുഎന്‍ വിമന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്.

ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നത് രണ്ട് അമ്മമാര്‍ വീതമാണ്. മൂവായിരം സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ ചുമതല തന്നെ ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. പതിനായിരത്തോളം കുഞ്ഞുങ്ങള്‍ക്കാണ് സ്വന്തം പിതാവിനെ നഷ്ടപ്പെട്ടിരിക്കുന്നത്. നൂറു ദിവസം പിന്നിട്ട ഇസ്രയേല്‍ അധിനിവേശത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23000 ലധികം പേരാണ്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരിക്കുന്നത്. ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് വീടുകളും നശിപ്പിക്കപ്പെട്ടു.

 

Latest News