ജര്‍മന്‍ പാര്‍ലമെന്റ് ഇരട്ട പൗരത്വ പരിഷ്‌കരണ നിയമം പാസാക്കി. ഇതോടെ രാജ്യം ഇരട്ട പൗരത്വം അംഗീകരിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് പൗരത്വ പ്രക്രിയ എളുപ്പമാക്കാനും തീരുമാനിച്ചു. പാര്‍ലമെന്റില്‍ വോട്ടിനിട്ടാണു നിയമനിര്‍മാണം അംഗീകരിച്ചത്.
പുതിയ നിയമപ്രകാരം നിയമപരമായി ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് നിലവിലെ എട്ടു വര്‍ഷ പൗരത്വത്തിനു പകരം അഞ്ചു വര്‍ഷത്തിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കും. അതേസമയം അവര്‍ കാരുണ്യ, ചാരിറ്റി, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച് സര്‍ക്കാരിന്റെ പട്ടികയില്‍ ഇടംപിടിക്കുകയാണെങ്കില്‍ ഇത് വെറും മൂന്നു വര്‍ഷമായി ചുരുക്കും.
കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ അഞ്ചോ അതിലധികമോ വര്‍ഷമായി രാജ്യത്ത് നിയമപരമായി താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ജര്‍മനിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം ലഭിക്കും.
67 വയസിനു മുകളിലുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മന്‍ ഭാഷയുടെ എഴുത്തുപരീക്ഷയ്ക്കു പകരം വാക്കാലുള്ള പരീക്ഷ മതിയാകും. അതേസമയം, ജര്‍മനിയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം അനുവദിക്കാത്ത പക്ഷം നിയമം ബാധിക്കില്ല.