മത്സ്യമേഖലയില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണി ചെറുക്കാന്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഗണ്യമായി കുറക്കണമെന്ന് ഇന്ത്യയുടെ നിര്‍ദേശം. ഐക്യരാഷട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്എഒ) ഫിഷറീസ് മാനേജ്‌മെന്റ് സബ്കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് നിര്‍ദേശം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) കാലാവസ്ഥാപ്രതിരോധ മത്സ്യമേഖലയെ കുറിച്ചുള്ള ഇന്ത്യയുടെ പ്രസ്താവന ആഗോളവേദിയില്‍ അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയുടെ സജീവ നിലാപാട് വ്യക്തമാക്കുന്ന പ്രസ്താവന സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗം മേധാവി ഡോ ജെ ജയശങ്കര്‍ വായിച്ചു.
ഇന്ത്യന്‍ സമുദ്രമത്സ്യമേഖലയില്‍ ഒരു കിലോ മീന്‍ പിടിക്കുമ്പോള്‍ പുറംതള്ളുന്ന കാര്‍ബണ്‍ വാതകങ്ങള്‍ ആഗോള ശരാശരിയേക്കാള്‍ 17.7 ശതമാനം കുറവാണ്. കാര്‍ബണ്‍ വാതകങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിനുള്ള കടല്‍പായലിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതില്‍ നിര്‍ണായകമാണ്. കടല്‍പായല്‍ കൃഷിയും കണ്ടല്‍ ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നവിധത്തില്‍ പ്രകൃതിദത്ത ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ഇക്കാര്യത്തില്‍ ഏറെ ഗുണകരമാകുമെന്നും ഇന്ത്യ വ്യക്തമാക്കി.