ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം നാളെ മുതല്‍ മാര്‍ച്ച് 27 വരെ ചേരാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള മൂന്നെണ്ണം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ സമ്മേളന കാലയളവില്‍ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ആകെ 32 ദിവസം സഭ ചേരും.
നാളെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു തുടക്കം. 29 മുതല്‍ 31 വരെ നന്ദി പ്രമേയത്തിലുള്ള ചര്‍ച്ച. അഞ്ചിനു ബജറ്റ് അവതരണം കഴിഞ്ഞാല്‍ 11 വരെ സഭയുണ്ടാകില്ല. 12 മുതല്‍ 14 വരെ ബജറ്റില്‍ പൊതുചര്‍ച്ച. 15 മുതല്‍ 25 വരെ സബ്ജക്ട് കമ്മിറ്റി യോഗങ്ങള്‍. 26 മുതല്‍ മാര്‍ച്ച് 20 വരെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍. ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.
കെപിസിസിയുടെ സംസ്ഥാനതല ജാഥ 9നു ആരംഭിക്കുന്നതിനാല്‍ 12,13,14 തീയതികളിലെ സഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിച്ചിട്ടില്ലെന്നു സ്പീക്കര്‍ പറഞ്ഞു. അതേസമയം, 6 മുതല്‍ 11 വരെ സഭയില്ല. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ എല്‍ഡിഎഫിന്റെ സമരം 8നാണ്. എന്നാല്‍ സമ്മേളനക്രമം തയാറാക്കിയപ്പോള്‍ ഈ സമരത്തിന്റെ തീയതി പരിഗണിച്ചില്ലെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.