Sunday, November 24, 2024

സഹായം പരസ്യമായി ചോദിച്ചിട്ടും ലഭിക്കാതെയുള്ള മരണം ഹൃദയഭേദകം: സീറോ മലബാര്‍സഭ അല്‍മായ ഫോറം

പെന്‍ഷന്‍ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായതിന് തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ച ഭിന്നശേഷിക്കാരനായ വയോധികന്‍ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫിന്റെ (വി പാപ്പച്ചന്‍- 77 വയസ്) വിയോഗം സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അശ്രദ്ധ തന്നെയാണ്.നാമെല്ലാം കൂട്ടുത്തരവാദികളാണ്.കേരളത്തിലെ വയോജനങ്ങള്‍ക്കുള്ള സുരക്ഷ അതീവ ദയനീയമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

ഈ സഹോദരന്‍ മരിച്ചു കഴിഞ്ഞു നടത്തുന്ന സമരങ്ങളില്‍ എന്ത് പ്രയോജനം? ഇദ്ദേഹത്തിന്റെ മക്കളുടെ ജീവിതമെങ്കിലും സുരക്ഷിതമാക്കാന്‍ നാം പരിശ്രമിക്കണം.രാഷ്ട്രീയക്കാര്‍ മുതലെടുപ്പ് നടത്തുന്നതില്‍ നിന്നും പിന്മാറണം.കെടുതികള്‍ അനുഭവിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളുടെ അരക്ഷിതാവസ്ഥ ഇതില്‍ നിന്നും കൂടുതല്‍ വ്യക്തമാകുകയാണ്.പരസഹായമില്ലാതെ, ഏകാന്തത ബാധിച്ച ഒരു വലിയ പറ്റം ആളുകള്‍ കേരളത്തില്‍ ഉണ്ടെന്നുള്ളത് നമുക്ക് അധികം സന്തോഷിക്കാന്‍ വക നല്‍കുന്നില്ല. സാമൂഹികമായി മലയാളി സഹജീവിസ്‌നേഹത്തില്‍ മഹാമനസ്‌കത പുലര്‍ത്തുന്നില്ല എന്നതിന് ഇതില്‍പ്പരം തെളിവുകള്‍ വേണോ?

തനിക്കും കിടപ്പു രോഗിയായ മകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.സര്‍ക്കാരും,ബന്ധപ്പെട്ട സംവിധാനങ്ങളും ഇക്കാര്യത്തില്‍ തികഞ്ഞ ഉദാസീനത കാണിച്ചു. നിരവധി പേരോട് കടം വാങ്ങിയാണ് അദ്ദേഹം ഓരോ ദിവസവും ജീവിതം തള്ളി നീക്കിയിരുന്നത്.നമ്മുടെ പരിഷ്‌കൃത സമൂഹത്തിന് ഏറെ അപമാനമാണ് ഇത്തരം സംഭവങ്ങള്‍. അഞ്ചുമാസമായി ലഭിക്കാത്ത പെന്‍ഷന്‍ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷമാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്.

വയോധികര്‍ക്കും,ഭിന്നശേഷിക്കാര്‍ക്കും നമ്മുടെ സമൂഹത്തില്‍ എത്രമാത്രം സുരക്ഷയില്ലായ്മ അനുഭവപ്പടുന്നുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.പരസ്യമായി സര്‍ക്കാര്‍ അധികൃതരെയും സമൂഹത്തെയും അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നത് നമ്മുടെ സമൂഹത്തിന്റെ തന്നെ പരാജയമാണ്. സ്വന്തമായുള്ള ഭൂമിയുടെ പട്ടയത്തിന് വേണ്ടി വര്‍ഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പലരില്‍ നിന്നും പണം കടം വാങ്ങിയതിന്റെ ബാധ്യത വേറെയുമുണ്ട്.ഈ നിസ്സഹായനായ മനുഷ്യന്റെ മരണം സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണുകള്‍ തുറപ്പിക്കുമോ? ജീവിതം കരുപ്പിടിപ്പിക്കാന്‍ നിവേദനവുമായി നില്‍ക്കുന്ന നിസ്സഹായനായ ഈ മനുഷ്യന്റെ മുഖം കേരളീയരുടെ ഹൃദയങ്ങളെ കുറച്ചു നാളെങ്കിലും പൊള്ളിക്കുമെന്ന് തീര്‍ച്ചയാണ്.

വളയത്ത് ജോസഫ് ചേട്ടന് ആദരാഞ്ജലികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം…

ടോണി ചിറ്റിലപ്പിള്ളി
അല്‍മായ ഫോറം സെക്രട്ടറി
സീറോ മലബാര്‍ സഭ

 

Latest News