Sunday, November 24, 2024

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ അതെപടി വായിക്കാന്‍ തയ്യാറാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മാസപ്പടി വിവാദവും ധനപ്രതിസന്ധിയുമാകും പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ പ്രധാന ആയുധങ്ങള്‍. നവകേരള സദസ്സിന്റെ വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് ഭരണപക്ഷം സഭയിലെത്തുന്നത്.

ഈ വര്‍ഷത്തെ ആദ്യ സമ്മേളനമായതിനാല്‍ രാവിലെ 9 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ അനിശ്ചിതത്വം സൃഷ്ടിക്കാഞ്ഞത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ അടങ്ങിയ നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി വായിക്കുമോ എന്ന ആകാംക്ഷ ബാക്കിയാണ്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കമ്പനി രജിസ്ട്രാറുടെ ഗുരുതരമായ കണ്ടെത്തലുകള്‍ ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ കടന്നാക്രമിച്ച് കൊണ്ടാകും പ്രതിപക്ഷത്തിന്റെ കരുനീക്കങ്ങള്‍. ഒപ്പം സംസ്ഥാനത്തെ ധന പ്രതിസന്ധി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ക്ക് എതിരായ പോലീസ് നടപടി ഇവയെല്ലാം പ്രതിപക്ഷം സജീവ ചര്‍ച്ചയാക്കും. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടയിലും കേരളീയവും നവകേരള സദസ്സും ജനങ്ങളെറ്റെടുത്തു എന്നതാകും ഭരണപക്ഷ പ്രതിരോധം.

 

Latest News