അമേരിക്കയില്‍ നിന്നുള്ള ഇസ്രായേല്‍ അനുകൂല ക്രൈസ്തവ വിദ്യാര്‍ത്ഥി സംഘടന 500,000 ഡോളര്‍ സംഭാവന നല്‍കി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ക്രൂരതകളുടെ ഇരയാക്കപ്പെട്ട രണ്ട് കമ്മ്യൂണിറ്റികളായ കിബ്ബട്ട്‌സ് ക്ഫാര്‍ അസയ്ക്കും നെതിവ് ഹസാറയ്ക്കുമാണ് അതിജീവനത്തിനുള്ള പിന്തുണ എന്ന രീതിയില്‍ അവര്‍ സംഭാവന നല്‍കിയത്.
യുവ അമേരിക്കന്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ ഇസ്രായേല്‍ അനുകൂല സംഘടനയായ പാസേജസിലെ 20 ഓളം അംഗങ്ങളാണ് സംഭാവന വിതരണം ചെയ്യാനെത്തിയത്. എട്ട് വര്‍ഷം മുമ്പ് സ്ഥാപിതമായ പാസേജസിന് രണ്ട് കമ്മ്യൂണിറ്റികളുമായും ദീര്‍ഘകാല ബന്ധമുണ്ട്. കാരണം ഇത് ഏകദേശം 11,000 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വര്‍ഷത്തില്‍ പലതവണ ഇസ്രായേല്‍ സന്ദര്‍ശനത്തിന് എത്തിച്ചിരുന്നുവെന്ന് പാസേജസിന്റെ ചീഫ് അഡ്വാന്‍സ്മെന്റ് ഓഫീസര്‍ പോള്‍ വെബ്ബര്‍ പറഞ്ഞു.
‘വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് അറിയാവുന്ന ആളുകളാണ് ഇവര്‍. ഇപ്പോള്‍ ഞങ്ങള്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ ദുരിതത്തിലാണ്. അവര്‍ നേരിട്ട ദുരിതം വിവരിക്കുമ്പോള്‍ അവരുടെ ചുണ്ടിലെ വിറയലിലൂടെ അവര്‍ കണ്ട ഭയാനകത ഞങ്ങള്‍ക്കും വെളിപ്പെടുകയാണ്’. വെബ്ബര്‍ പറയുന്നു.
അമേരിക്കയിലെ കൂടുതല്‍ ക്രിസ്ത്യന്‍ യുവജനങ്ങളെ ഇസ്രായേലിന്റെ കഥയിലേക്ക് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് തുടരുമെന്ന് പാസേജസിന്റെ സിഇഒ സ്‌കോട്ട് ഫിലിപ്പ് പ്രസ്താവനയില്‍ പറഞ്ഞു.