തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താബുളില്‍ മുഖംമൂടി ധരിച്ചെത്തിയവര്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്). ഭീകരസംഘടനയുടെ ഔദ്യോഗിക മാധ്യമമായ അമാഖിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഭീകര സംഘടന അറിയിച്ചത്.
അറിയിപ്പിനൊപ്പം തോക്ക് പിടിച്ച് നില്‍ക്കുന്ന രണ്ട് തീവ്രവാദികളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേ സമയം ഒരാള്‍ കൊല്ലപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തങ്ങളുടെ രാജ്യത്തെ സമാധാന അന്തരീക്ഷം കളയുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി യെര്‍ലികായ് പറഞ്ഞു.
തീവ്രവാദികള്‍, അവരുമായി ബന്ധപ്പെടുന്നവര്‍, ദേശീയ അന്തര്‍ദേശീയ ക്രിമിനലുകള്‍ എന്നിവരെയെല്ലാം ഉന്‍മൂലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്താബുളിലെ സരിയേര്‍ ജില്ലയിലെ സാന്താ മരിയ പള്ളിയിലാണ് ഇന്ന് രാവിലെ 11.30 ഓടെ ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയവര്‍ പള്ളിയില്‍ പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും മൂന്ന് പേരെ ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിക്കുകയുമായിരുന്നു.