അനേകം ദൈവാലയങ്ങളില്‍ നാം തീര്‍ഥാടനം നടത്താറുണ്ട്. നിരവധി പ്രത്യേകതകളുള്ള അനവധി ദൈവാലയങ്ങള്‍ ഉണ്ടെങ്കിലും, എത്തിച്ചേരാന്‍ ഏറ്റവും പ്രയാസമേറിയ ക്രൈസ്തവ ദൈവാലയത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചുമാണ് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്. എത്യോപ്യയില്‍ സ്ഥിതിചെയ്യുന്ന അബുന യമത ഗുഹ് എന്ന ദൈവാലയത്തെക്കുറിച്ചു വായിച്ചറിയാം.
തീര്‍ഥാടകര്‍ക്ക്, സന്ദര്‍ശനത്തിനു ഏറ്റവും ബുദ്ധിമുട്ടേറിയ ദൈവാലയമാണ് അബുന യമത ഗുഹ്. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 2,580 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദൈവാലയം, ഒരു മലയെ ഗുഹപോലെ ഉള്ളിലേക്കു തുരന്നിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘റോക്ക്-ഹൂണ്‍ ചര്‍ച്ച്’ എന്ന വിളിപ്പേരും ഈ ദൈവാലയത്തിനുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ അബുന (അബ്ബാ) യമത എന്ന സന്യാസവൈദികനാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1500 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഈ ദൈവാലയം സന്ദര്‍ശിക്കാന്‍ നിരവധി ഇടുങ്ങിയതും ദുര്‍ഘടം പിടിച്ചതുമായ പാതകളിലൂടെ സഞ്ചരിക്കണം. അതിനുശേഷം 300 മീറ്ററോളം പാറക്കെട്ടുകള്‍ കൈയും കാലും ഉപയോഗിച്ച് ഇഴഞ്ഞുകയറേണ്ടതായുമുണ്ട്. കുത്തനെയുള്ള ഈ മലകയറ്റത്തിന് കാലില്‍ ചെരിപ്പുപോലും ധരിക്കാന്‍ സാധിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.
പാറയുടെ ഉപരിതലം വളരെ മിനുസമേറിയതായതുകൊണ്ടാണ് ഇത്തരത്തിലൊരു മലകയറ്റം. ഈ യാത്രയില്‍ ദൈവത്തിന്റെ സംരക്ഷണവും നമ്മുടെ ശ്രദ്ധയും മാത്രമേ ഉണ്ടാകുകയുള്ളൂ. പുറമെനിന്ന് യാതൊരു സുരക്ഷാക്രമീകരണങ്ങളും നമുക്ക് സ്വീകരിക്കാന്‍ സാധിക്കുകയില്ല. ഇത്രയും കയറിക്കഴിഞ്ഞാല്‍ യാത്രയുടെ കഠിനമായ ഭാഗം അവസാനിച്ചുവെന്നു കരുതുന്നുവെങ്കില്‍ തെറ്റി. അടുത്തതായി, തീര്‍ഥാടകനെ കാത്ത് മറ്റൊരു വെല്ലുവിളിയുണ്ട്.
250 മീറ്റര്‍ നീളമുള്ള പ്രകൃതിദത്തമായ കല്ലുകള്‍കൊണ്ടുള്ള ഒരു പാലം കടക്കേണ്ടതായുണ്ട്. നൂറുകണക്കിനു മീറ്റര്‍ ആഴമുള്ള പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട ഈ കല്‍പ്പാലം കടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇതെല്ലാം താണ്ടി മാത്രമേ ഈ ദൈവാലയം സ്ഥിതിചെയ്യുന്ന കൊടുമുടിയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
കൊടുമുടിയില്‍ എത്തിക്കഴിയുമ്പോള്‍ ഒരു ഗുഹയിലൂടെ പള്ളിയില്‍ പ്രവേശിക്കാം. അവിടെ പതിനഞ്ചാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ പെയിന്റിംഗുകള്‍ കാണാം. ഏതാണ്ട് എല്ലാ ഭിത്തികളിലും താഴികക്കുടങ്ങളിലും തൂണുകളിലുമായി ഒമ്പതു വിശുദ്ധന്മാരെയും 12 അപ്പോസ്തലന്മാരെയും ചിത്രീകരിക്കുന്ന മനോഹരമായ പെയിന്റിംഗുകളുണ്ട്. ഇത്രയധികം വെല്ലുവിളി സ്വീകരിച്ച് ഈ ദൈവാലയത്തിലെത്തുന്നത് ഒരു തീര്‍ഥാടകനു നല്‍കുന്ന ആത്മീയാനുഭൂതി ചെറുതൊന്നുമല്ല.
ചുവരുകളിലും മേല്‍ക്കൂരകളിലും ബൈബിള്‍ രംഗങ്ങളും ക്ലാസിക് ക്രിസ്ത്യന്‍ ഐക്കണോഗ്രഫിയും ഉള്‍ക്കൊള്ളുന്ന ചുവര്‍ചിത്രങ്ങളാണ്.
എത്യോപ്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമായി അബുന യെമതാ ഗുഹ് കണക്കാക്കപ്പെടുന്നു. ഈ ദൈവാലയം എടുത്തുകാണിക്കുന്നത് അതിന്റെ നിര്‍മ്മാതാക്കളുടെ ചാതുര്യവും ഭക്തിയുമാണ്. അതോടൊപ്പം അതിന്റെ വിദൂരസ്ഥാനം വ്യക്തമായ ആത്മീയപ്രാധാന്യത്തെ എടുത്തുകാണിക്കുന്നുമുണ്ട്.
അബുന യെമതാ ഗുഹ് രാജ്യത്തെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പാറകളില്‍ വെട്ടിയ പള്ളികളിലൊന്നാണ്. അതുല്യമായ വാസ്തുവിദ്യ, അമൂല്യമായ ചുവര്‍ചിത്രങ്ങള്‍, വിദൂരസ്ഥാനം എന്നിവമൂലം ഈ ദൈവാലയം യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അമൂല്യമായ ക്രൈസ്തവസാംസ്‌കാരവും ആത്മീയതയുടെ ആഴവും എടുത്തുകാണിക്കുന്ന ഈ ദൈവാലയം എത്യോപ്യയുടെയും കത്തോലിക്കാ സഭയുടെയും അഭിമാനമായി നിലകൊള്ളുന്നു.
സുനിഷ വി.എഫ്