Thursday, May 15, 2025

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം വികസനത്തിന്റെ പാതയിലാണെന്നും കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെയാണെന്നും രാഷ്ട്രപതി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും മുത്തലാഖ് ബില്ല് സുപ്രധാനനിയമ നിര്‍മാണമാണെന്നും രാഷ്ട്രപതി പറഞ്ഞു.

വനിത സംവരണ ബില്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യത്ത് എല്ലാ മേഖലയിലും ഉണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ഇന്ത്യ സാമ്പത്തിക ശക്തിയായി മാറി. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. പാവപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ 6 ലക്ഷം കോടി അനുവദിച്ചു. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യയുടെ യശസുയര്‍ത്തി. പുതിയ ഭാരതത്തിന്റെ തുടക്കമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആദിവാസി മേഖലയില്‍ ജലവൈദ്യുത പദ്ധതിയിലും ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കി. 11 കോടി രൂപ ചെലവാക്കി അഞ്ചു വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ വിതരണം.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ചന്ദ്രയാന്‍ വിജയം അഭിമാനകരമാണ്. ഇന്ത്യ ശരിയായ ദിശയില്‍ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നതായി രാഷ്ട്രപതി പറഞ്ഞു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോര്‍ഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോര്‍ഡ് വേഗത്തിലാണ്.

ഡിഫന്‍സ് കോറിഡോര്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഇതെല്ലാം നേട്ടങ്ങളാണ്. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഗ്യാസ് പൈപ്പ് ലൈന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ജമ്മുകശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്.

സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. പത്ത് കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം?ഗത്തില്‍ പറഞ്ഞു. ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

 

Latest News