Wednesday, November 27, 2024

‘കാത്തലിക് കണക്ട്’ മൊബൈല്‍ ആപ്പ് പുറത്തിറക്കി സിസിബിഐ

ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാസഭാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി ഭാരതകത്തോലിക്ക സഭയിലും, വിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കുംവിധം, ‘കാത്തലിക് കണക്ട്’ മൊബൈല്‍ ആപ്പ് പുറത്തിറക്കി. 2024 ജനുവരി മുപ്പതാം തീയതി ബാംഗ്ലൂരില്‍ നടന്ന പ്ലീനറി സമ്മേളനാവസരത്തിലാണ് മൊബൈല്‍ ആപ്പ്, പൊതു ഉപയോഗത്തിനായി പ്രകാശനം ചെയ്തത്.

കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി ഫെറോ, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ അന്തോണി പൂള, ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് അന്തോണി സ്വാമി, ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, സംരംഭകനും മനുഷ്യസ്നേഹിയുമായ മൈക്കിള്‍ ഡിസൂസ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.

ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, ജോലികള്‍, അടിയന്തര സഹായം, ആത്മീയ വഴികാട്ടി, കാലികപ്രസക്തമായ വാര്‍ത്തകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ കൂട്ടിയിണക്കിയാണ് പുതിയ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായി അടുത്തുള്ള പള്ളികള്‍ കണ്ടെത്താനും, ഇന്ത്യയില്‍ സഭ നല്‍കുന്ന വിവിധ സേവനങ്ങള്‍ അനുഭവവേദ്യമാക്കുവാനും ഈ ആപ്പ് ഉപകരിക്കും.

വ്യത്യസ്ത സഭാ മേഖലകളില്‍ നിന്നുള്ള സമയോചിതമായ വാര്‍ത്തകളും വിവരങ്ങളും പ്രക്ഷേപണം ചെയ്യാന്‍ കാത്തലിക് കണക്ട് ആപ്പ് ഉപകാരപ്പെടുമെന്നും, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നതുവഴി ഉപയോക്താക്കള്‍ക്കിടയില്‍ അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പരിഗണിക്കാതെ തന്നെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യും.

 

Latest News