ഫാ. പീറ്റര്‍ വു യിഷൂനെ ഷാവു(മിന്ബെ)യിലെ അപ്പസ്തോലിക് പ്രിഫെക്ടര് ആയി വത്തിക്കാന്‍ നിയമിച്ചു. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഒരാഴ്ചയ്ക്കിടയില് വത്തിക്കാന്‍ ചൈനയിലേക്ക് നടത്തുന്ന മൂന്നാമത്തെ നിയമനമാണിത്.
പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയും വത്തിക്കാനും തമ്മില്‍ കഴിഞ്ഞ ഡിസംബറില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം, തെക്കുകിഴക്കന്‍ തീരദേശ പ്രൊവിന്‍സായ ഫ്യുജിയനിലെ ഷാവു രൂപതയുടെ ബിഷപ്പായി വു നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു.
ജിയാന്യാങ് ജില്ലയിലെ നാന്പിംഗ് നഗരത്തിലെ ചെങ്കുവാന് പള്ളിയില്‍ വച്ച് നടന്ന മെത്രാഭിഷേക ശുശ്രൂഷയില്‍ ചൈനീസ് കാത്തലിക് പാട്രിയോടിക് അസ്സോസിയേഷന് (സി സി പി എ) പ്രസിഡന്റ്, ബെയ്ജിംഗിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് ലി ഷാന്‍ മുഖ്യകാര്‍മികനായിരുന്നു. ചൈനീസ് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും മൂന്ന് ബിഷപ്പുമാരും 88 വൈദികരും 360 ഓളം സന്ന്യസ്തരും അത്മായരും ചടങ്ങില്‍ പങ്കെടുത്തു.
1964 ഡിസംബര്‍ ഏഴാം തീയതി ജനിച്ച വു, ഷാംങാഹായിലെ ശേഷാന് സെമിനാരിയില്‍ തിയോളജി പഠനം പൂര്‍ത്തിയാക്കി. 1992 ഓഗസ്റ്റ് 15-ാംതീയതി മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ സിയാമെന്‍ രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് നാന്പിംഗിലെ ഇടവകവികാരിയായും ഷാവു, ജീയാങ് എന്നീ അപ്പോസ്തോലിക് പ്രിഫെക്ചറുകളുടെ തലവനായും പ്രവര്‍ത്തിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ മെത്രാന് നിയമനം വത്തിക്കാന്റെ, ചൈനാ ഗവണ്മെന്റുമായുള്ള അനുരഞ്ജനമാണെന്ന് വിലയിരുത്തപ്പെടുന്നു. 70 വര്‍ഷക്കാലമായി ഒഴിഞ്ഞു കിടന്നിരുന്ന ഷെങ്ഷൗ രൂപതയിലെ മെത്രാനായി തദേവുസ് വാങ് യൂഷെങ് ജനുവരി 25 നാണ് നിയമിതനായത്. പുതിയതായി രൂപികരിക്കപ്പെട്ട വെയ്ഫാങ് രൂപതയുടെ മെത്രാനായി ആന്റണി സുന് വെഞ്ചുന്‍ നിയമിക്കപ്പെട്ടത് ജനുവരി 30 നായിരുന്നു. തുടരെയുള്ള ഈ നിയമനങ്ങള്‍ സിനോ-വത്തിക്കാന്‍ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് കാണുന്നത്.