യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌ന് 5400 കോടി ഡോളറിന്റെ (5000 കോടി യൂറോ) സഹായം നല്കും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ ആണ് പ്രഖ്യാപനം നടത്തിയത്. 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നേതാക്കളാണ് കരാറില്‍ ഒപ്പിട്ടത്. ഹംഗറിയുടെ വീറ്റോ ഭീഷണിക്കിടെയാണ് യുക്രെയ്‌ന് ഇയു സഹായം പ്രഖ്യാപിച്ചത്.
ബ്രസല്‍സില്‍ ചേര്‍ന്ന ഉച്ചകോടിക്കിടെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഹംഗേറിയന്‍ പ്രസിഡന്റ് വിക്തോര്‍ ഓര്‍ബനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഓര്‍ബന്‍ ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
റഷ്യയുമായി ഉറ്റബന്ധമുള്ള നേതാവാണു വിക്തോര്‍ ഓര്‍ബന്‍. ഡിസംബറില്‍ യുക്രെയ്‌ന് 5400 കോടി ഡോളറിന്റെ സഹായം നല്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സമ്മതിച്ചെങ്കിലും ഓര്‍ബാന്‍ മാത്രം എതിര്‍ത്തു. സാമ്പത്തികസഹായം നല്‍കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതം വേണം. യുക്രെയ്‌ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്കാനുള്ള നീക്കത്തെ ഓര്‍ബന്‍ വൈമനസ്യത്തോടെയാണ് അംഗീകരിച്ചത്.
രണ്ടു വര്‍ഷം റഷ്യന്‍ അധിനിവേശം യുക്രെയ്ന്റെ സന്പദ്വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ സഹായംകൊണ്ട് നാലു വര്‍ഷം ശന്പളവും പെന്‍ഷനും നല്കാനും മറ്റു ചെലവുകള്‍ നിര്‍വഹിക്കാനും യുക്രെയ്‌നു കഴിയും. സഹായത്തിന്റെ ആദ്യഗഡു മാര്‍ച്ചില്‍ ലഭ്യമാകുമെന്നാണു യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ സഹായത്തിന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നന്ദി അറിയിച്ചു.