കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകമെമ്പാടുമുള്ള ജൂതന്മാര്‍ക്കെതിരായ ആക്രമണങ്ങളുടെ ഭയാനകമായ വര്‍ദ്ധനവിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആക്രമങ്ങളെ അപലപിച്ച് വത്തിക്കാന്‍ ഇറക്കിയ കത്തിലാണ് പരാമര്‍ശം.
ജൂതന്മാര്‍ക്കും ഇസ്രയേലിനും എതിരായ തെറ്റായ വിവരങ്ങളുടെയും വാര്‍ത്തകളുടെയും വിദ്വേഷ പ്രചാരണത്തിന്റെയും കുത്തൊഴുക്കില്‍ ധാര്‍മ്മികവും ആശയപരവുമായ വ്യക്തതയുടെ വിളക്കുമാടമായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ട് നൂറുകണക്കിന് റബ്ബിമാരും പണ്ഡിതന്മാരും ഒപ്പിട്ട് നവംബറില്‍ സമര്‍പ്പിച്ച അപ്പീലിന് മറുപടിയായാണ് പരിശുദ്ധ പിതാവിന്റെ പുതിയ പ്രഖ്യാപനവും കത്തും.
ഇസ്രായേല്‍ അംബാസഡര്‍ റാഫേല്‍ ഷൂട്സ് ഫെബ്രുവരി 2-ന് പരിശുദ്ധ പിതാവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പാപ്പയുടെ പ്രസ്താവന. ”എന്റെ ഹൃദയം നിങ്ങളോട്, വിശുദ്ധ ഭൂമിയോട്, അതില്‍ വസിക്കുന്ന എല്ലാ ജനങ്ങളോടുമൊത്താണ്. ഇസ്രായേലികളിലും പാലസ്തീനികളിലും, എല്ലാവരിലും സമാധാനത്തിനുള്ള ആഗ്രഹം നിലനില്‍ക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’
സഭ എല്ലാത്തരം യഹൂദ വിരുദ്ധതയെയും നിരാകരിക്കുകയും, ഹൂദന്മാരോടും ജൂതമതത്തോടുമുള്ള വിദ്വേഷ പ്രകടനങ്ങളെ അസന്ദിഗ്ധമായി അപലപിക്കുകയും ചെയ്യുന്നു. സാധ്യമായ സമാധാനത്തിനായുള്ള പ്രതീക്ഷ നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. എല്ലാത്തരം പരാജയങ്ങളും അവിശ്വാസവും നിരസിച്ചുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യണമെന്നും എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.