രാജ്യത്തെ സംഘടിതമേഖലയില്‍ പുതിയ തൊഴിലുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ പുതിയ വരിക്കാരുടെ എണ്ണത്തില്‍ 2023 നവംബര്‍ മാസത്തില്‍ ഗണ്യമായ ഇടിവ് സംഭവിച്ചതായി ദേശീയ സ്ഥിതിവിവര കാര്യാലയം. പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണം കണക്കാക്കിയാണ് സംഘടിതമേഖലയിലെ തൊഴിലവസരങ്ങളുടെ ഏറ്റക്കുറച്ചില്‍ കണക്കാക്കുന്നത്. 2023 ജൂണ്‍മുതല്‍ പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി ഇടിവ് സംഭവിക്കുന്നതായാണ് കണക്ക്.
പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണം നവംബറില്‍ അഞ്ചുശതമാനം ഇടിഞ്ഞ് 7.36 ലക്ഷത്തിലെത്തി. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പറേഷന് (ഇഎസ്ഐസി) വരിക്കാരുടെ എണ്ണം 10.5 ശതമാനം ഇടിഞ്ഞ് 11.6 ലക്ഷത്തിലെത്തി.
കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ഏറ്റവും കുറഞ്ഞ തൊഴില്‍ കണക്കുകളാണിത്. പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണത്തില്‍ ആറുമാസമായി തുടര്‍ച്ചയായി ഇടിവ് വരുന്നതും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കുറയുന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
ഇപിഎഫ്ഒ കണക്കു പ്രകാരം 2023 സെപ്റ്റംബറില്‍ സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലുകളുടെ എണ്ണം 9.27 ലക്ഷമായിരുന്നത് 7.72 ലക്ഷമായി ഇടിഞ്ഞു. പുതിയ തൊഴിലുകളുടെ എണ്ണത്തില്‍ 1.55 ലക്ഷത്തിന്റെ ഇടിവാണുണ്ടായത്.