Sunday, November 24, 2024

സംസ്ഥാന പദവി വേണം; ലഡാക്കില്‍ ജനം തെരുവില്‍

ജമ്മു കാശ്മീരിനെ മുറിച്ച്, കേന്ദ്രഭരണ പ്രദേശമാക്കിയ ലഡാക്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവില്‍. സംസ്ഥാന പദവി നല്‍കുക, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുക, കാര്‍ഗില്‍, ലേ എന്നിവിടങ്ങളില്‍ ലോക്സഭ സീറ്റ് നല്‍കുക, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലേയില്‍ ജനങ്ങള്‍ കൂറ്റന്‍ പ്രകടനം നടത്തി.

ബുദ്ധഭൂരിപക്ഷ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ലേ അപെക്സ് ബോഡി (എല്‍എബി), ഷിയ മുസ്ലിം ഭൂരിപക്ഷങ്ങളെ പ്രതിനീധീകരിക്കുന്ന കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ) സംഘടനകള്‍ സംയുക്തമായാണ് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. 2021 മുതല്‍ ഇരുസംഘടനകളും ഉന്നയിക്കുന്ന ആവശ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 2019 ഓഗസ്റ്റില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാണ് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്.

ഉദ്യോഗസ്ഥ ഭരണത്തിനെതിരെ കടുത്ത അതൃപ്തിയാണ് ജനങ്ങള്‍ക്കുള്ളത്. ജനപ്രതിനിധികള്‍ ഭരണം നടത്തിയാല്‍ മതിയെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ രണ്ടാം യോഗം 19ന് ചേരാനിരിക്കെയാണ് വന്‍ ജനകീയ പ്രതിഷേധം.

 

Latest News