ഏകീകൃത സിവില്‍ കോഡ് ബില്‍ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കും. എത്രയും വേഗം ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഏക സിവില്‍ കോഡിനായി തയ്യാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കി. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം സംസ്ഥാനങ്ങളും യുസിസി നടപ്പിലാക്കാനുള്ള നീക്കത്തിലാണ്.
വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനമാണ് ഇതിനായി ചേരുന്നത്. ഏക സിവില്‍ കോഡ് നിയമസഭ പാസാക്കിയാല്‍, ബില്‍ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ബില്ലിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധം സംഘടിപ്പിക്കും. യു.സി.സി നടപ്പാക്കുന്നതിനെതിരെ ഉത്തരാഖണ്ഡിലെ മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.