രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സത്യപാല്‍ സിങ് ലോക്സഭയില്‍. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിങ് ആവശ്യമുന്നയിച്ചത്. ദി ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്നുള്ള ലോക്സഭാംഗവുമാണ് സത്യപാല്‍ സിങ്. ‘ഭാരതത്തില്‍ ജനിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന് ദൈവങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്, അതിനാല്‍ രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റണം’ എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആദ്യ ഖണ്ഡികയില്‍ ‘ഇന്ത്യ അതായത് ഭാരതം’ എന്ന പരാമര്‍ശമുണ്ട്. അതില്‍ ‘ഇന്ത്യ’ എന്നതിന്റെ ഉപയോഗം അവസാനിപ്പിക്കണം. ഈ രാജ്യത്തിന്റെ പേര് ഭാരതം എന്നാണ്. ഇന്ത്യ എന്ന പേര് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി, മഹര്‍ഷി ദയാനന്ദ്, ദീന് ദയാല്‍ ഉപാധ്യായ എന്നിവരുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന പ്രധാനമന്ത്രി രാജ്യത്ത് രാമരാജ്യം സ്ഥാപിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് കോടിക്കണക്കിന് ഭക്തര്‍ക്ക് വേണ്ടിയാണ്. ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ”രാമരാജ്യം സ്ഥാപിക്കുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.