Sunday, November 24, 2024

സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്ന കേരള ബജറ്റ് തീരുമാനങ്ങള്‍

ടോണി ചിറ്റിലപ്പിള്ളി

നികുതികള്‍ വര്‍ദ്ധിപ്പിച്ച് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാണ് സര്‍ക്കാരിന്റെ ബജറ്റ്.നവകേരള സദസ്സ് വന്‍ ധൂര്‍ത്തും നാട്ടില്‍ മുഴുവന്‍ കടവും,എന്നാല്‍ മനഃസാക്ഷിയില്ലാതെ കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്നു.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനങ്ങളുടെ കയ്യില്‍ നിന്നും നികുതി വഴി പണം എത്തിക്കുകയാണ് സര്‍ക്കാര്‍ തന്ത്രം. ഇതിന്റെ ഭാഗമായി കെട്ടിട നികുതി, വാഹന നികുതി, എന്നിവ വര്‍ദ്ധിപ്പിക്കുകയും, ഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സ്വയം ഉല്പാദിപ്പിക്കുന്ന വൈദ്യുതി തീരുവ കൂട്ടി ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും സര്‍ക്കാര്‍ മറന്നില്ല. ഇതോടെ സംസ്ഥാനത്ത് ഇനി സാധാരണക്കാര്‍ ജീവിക്കാന്‍ പാടുപെടുമെന്ന കാര്യത്തില്‍ സംശയമില്ല.സാധരണ ചില ജനങ്ങള്‍ അറിയാത്ത ചില ദ്രോഹനടപടികള്‍ താഴെ പറയുന്നു:

ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട നികുതി വര്‍ദ്ധനവ്

കെട്ടിടങ്ങള്‍ വില്‍ക്കുമ്പോള്‍ അടിത്തറയുടെ ഏരിയയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുന്നതിനുള്ള നടപടിയും,ഭൂമിയുടെ ന്യായവില കൂട്ടുമെന്ന പ്രഖ്യാപനവും സാധരണക്കാരനെ വലയ്ക്കും .ഭൂനികുതിയും അതിന് അനുസൃതമായി വര്‍ധിക്കും. ഇതിനൊപ്പം വസ്തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതിക്കുന്നതും,രജിസ്‌ട്രേഷന്‍,ലാന്റ് റവന്യൂ മേഖലകളില്‍ നിരക്ക്-നികുതി വര്‍ധനവ് നടപ്പാക്കുന്നതും ഇടിത്തീയാകും.ബാങ്ക് വായ്പകള്‍ ഭൂമി രേഖകളില്‍ ഉള്‍പ്പെടുത്താന്‍ ബാങ്കുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത്.ബാങ്കുകള്‍ ലോണെടുക്കുന്നവര്‍ക്ക് മേല്‍ ഈ ഭാരം അടിച്ചേല്‍പ്പിക്കും. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ലാറ്റ് നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനും നികുതി നല്‍കണം.ലോണിന് ചെലവേറും

മദ്യ വില വര്‍ധനവ്

സാധാരണക്കാരിലെ വലിയൊരു വിഭാഗത്തെ ബാധിക്കുന്ന മദ്യ വില വര്‍ധനവ് കൂടി ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെടുന്നത് നാടിനെ നശിപ്പിക്കും.മദ്യ ഉപഭോഗം തന്നെ ജനങ്ങളെ കൊല്ലുന്നതാണ്.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് പത്തു രൂപ ഗാലനേജ് ഫീസായി ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അബ്കാരി നിയമപ്രകാരമാണ് ഈ അധിക തീരുവ ഈടാക്കുന്നത്.വിദേശ നിര്‍മ്മിത വിദേശ മദ്യം 12 ശതമാനം വരെ വില കൂടും.പാവപ്പെട്ടവരെ ജനങ്ങളെ കുടിപ്പിച്ച് കൊല്ലും.

റബ്ബര്‍ വില ലോക്സഭാ തിരെഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന് തിരിച്ചടി

റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് പത്തു രൂപ നല്‍കി അപമാനിച്ചു.കഴിഞ്ഞ വര്‍ഷവും 10 രൂപ കൂട്ടിയിരുന്നു.ഇത് ഇടതു സര്‍ക്കാരിന് തിരിച്ചടിയായിരിക്കും.ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പലതും വസ്തുതാ വിരുദ്ധമാണ്.

വൈദ്യുതി നിരക്ക് കൂട്ടും

സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.സോളാര്‍ പദ്ധതികള്‍ ഉള്ളവര്‍ക്ക് അടക്കം യൂണിറ്റിന് 15 പൈസ തീരുവ ഈടാക്കും.അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും.

കോടതി കയറിയാല്‍ കീശ കീറും

ജുഡീഷ്യല്‍ കോടതി ഫീസുകളും കുത്തനെ കൂട്ടി. ചില കേസുകളില്‍ 25 ഇരട്ടിവരെയാണ് വര്‍ധന വരുത്തിയത്. കുടുംബ കോടതികളിലെ വസ്തു കേസുകള്‍ക്കും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ കോടതി വ്യവഹാരങ്ങളും മുന്‍പത്തേതിനേക്കാള്‍ ചെലവേറും.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ആശങ്കയില്‍

പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി.സാമൂഹിക ക്ഷേമ പെന്‍ഷനുകളില്‍ ഇത്തവണയും വര്‍ധനയില്ല.കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികളില്ല. ജനുവരിയിലെ പെന്‍ഷന്‍ കൂടി ചേര്‍ത്താല്‍ ഇപ്പോള്‍ തന്നെ 5 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലെ ഒരു ശതമാനം പോലും നടപ്പാക്കിയിട്ടില്ല.സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമായി ബജറ്റ് മാറി.മദ്യം വിറ്റും ലോട്ടറി വിറ്റും,നികുതി കൂട്ടിയും പണം ഉണ്ടാക്കുന്നു.

ഇല്ലാത്ത കോടികളുടെ വികസന പ്രഖ്യാപനമാണ് ഇക്കുറി ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് എവിടെ നിന്നും പണം ലഭിക്കുമെന്ന ചോദ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന ബജറ്റിനെതിരെ ജനങ്ങളില്‍ നിന്നും ഇപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിരവധി പേരാണ് ജനദ്രോഹ ബജറ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുപറിയാണ് ഇടതു സര്‍ക്കാരിന്റേത് എന്നാണ് പൊതുജനാഭിപ്രായം.

ടോണി ചിറ്റിലപ്പിള്ളി

Latest News