Friday, January 24, 2025

പബ്ലിക് എക്‌സാമിനേഷന്‍സ് ബില്‍ ലോക്‌സഭ പാസാക്കി; പരീക്ഷാക്രമക്കേടിന് 10 വര്‍ഷം വരെ തടവും ഒരു കോടി പിഴയും

പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ബില്‍ ലോക്‌സഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.

കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍, റെയില്‍വേ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. കൂടാതെ ഇതില്‍ സ്ഥാപനമാണ് ക്രമക്കേട് നടത്തിയതെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ പിഴയും ചുമത്തും. ഇതിനുപുറമെ നാലുവര്‍ഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നതിന് ഈ സ്ഥാപനങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തും.

ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണര്‍ പദവിയില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകണം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കേണ്ടതെന്നും ബില്ലില്‍ പരാമര്‍ശിക്കുന്നു. കൂടാതെ കേസില്‍ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനും ഉണ്ടായിരിക്കും.

ആള്‍മാറാട്ടം, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നിവയുള്‍പ്പെടെ, 20 കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ടവയുമാണ് ഈ ബില്ലിന് കീഴില്‍ വരുന്നത്. പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള യുവാക്കളുടെ ആശങ്ക കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത്തരം ദുഷ്പ്രവണതകള്‍ കര്‍ശനമായി നേരിടാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും.

 

Latest News