ഭാരതത്തില്‍ വിവാഹ സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്ന് സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഇത് അസാധാരണമാണ്. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 44 കാരിയായ അവിവാഹിത നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭാരതീയ സമൂഹത്തില്‍ വിവാഹം കഴിക്കാതെ അമ്മയാകുന്നത് നിയമപ്രകാരം അനുവദനീയമല്ല. വിവാഹത്തിലൂടെ അമ്മയാകണമെന്നത് രാജ്യത്തെ മാനദണ്ഡമാണ്. മറിച്ചുള്ളത് ശരിയല്ല. ജനിക്കുന്ന കുട്ടിയുടെ ഭാഗത്ത് നിന്നാണ് തങ്ങള്‍ ഇത് പറയുന്നത്, കോടതി വ്യക്തമാക്കി.
രാജ്യത്ത് വിവാഹത്തിന്റെ സംസ്‌കാരം പുലരണോ വേണ്ടയോ എന്ന് കോടതി ചോദിച്ചു. നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളെ പോലെയല്ല. അവരെ പിന്തുടരാനാകില്ല. ഭാരതത്തില്‍ വിവാഹ സംസ്‌കാരം സംരക്ഷിക്കപ്പെടണം. നിങ്ങള്‍ക്ക് കോടതിയെ യാഥാസ്ഥിതികരെന്ന് മുദ്രകുത്താം, അത് കോടതി സ്വീകരിക്കുമെന്നും ബെഞ്ച് പറഞ്ഞു. വാടക ഗര്‍ഭധാരണ നിയമത്തിലെ സെക്ഷന്‍ രണ്ടിന്റെ (എസ്) സാധുത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. നിയമപ്രകാരം 35നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീക്കാണ് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാനാകുക.
അവിവാഹിതയ്ക്ക് ഇത് സാധ്യമല്ല. ഇത് വിവേചനവും യുക്തിസഹമല്ലാത്ത നടപടിയുമാണ്. ഈ നിയന്ത്രണം മൗലികാവകാശത്തെയും മനുഷ്യാവകാശങ്ങളെയും തടയുന്നു. കൂടാതെ പ്രത്യുത്പാദന അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.