കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ഇന്ന്. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കും. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അവസാനമായി ഡല്‍ഹില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചര്‍ച്ചയാക്കാനാണ് കേരളത്തിന്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് കേരളം ആരോപിക്കുന്നു.
ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എന്‍ഡിഎഫിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് ചെയ്യും. ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ജന്തര്‍മന്ദറില്‍ എത്തും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡിഎംകെ നേതാക്കള്‍ അടക്കം പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. കേരളത്തിന് ഡിഎംകെ പിന്തുണ അറിയിച്ച് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു.
ബുധനാഴ്ച കര്‍ണാടക സര്‍ക്കാരും ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്തിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിന്റെ പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഡല്‍ഹിയിലെ സമരത്തോട് അനുഭാവം പ്രകടിച്ച് കേരളത്തില്‍ ബൂത്ത് തലത്തില്‍ വൈകിട്ട് 4 മുതല്‍ 6 വരെ എന്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും.
കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം ആരെയും തോല്‍പ്പിക്കാനല്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. രാജ്യം കേരളത്തിനൊപ്പം അണിചേരുമെന്നാണ് വിശ്വാസം. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം ഉള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നത്. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. ഫെഡറലിസ്റ്റ് മൂല്യങ്ങള്‍ കേന്ദ്ര ഇടപെടലിലൂടെ ചോര്‍ന്ന് പോവുകയാണ്. ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം.
ധനക്കമ്മി 2020-21, 2021-22 വര്‍ഷങ്ങളില്‍ നിഷ്‌കര്‍ഷിച്ച നിലയില്‍ ആക്കാന്‍ സാധിച്ചു. ധനക്കമ്മി കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രം ഉയര്‍ത്തിയിരുന്നു. ഇത് നിലനില്‍ക്കെയാണ് ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പാര്‍ലമെന്റും രാഷ്ട്രപതിയും അംഗീകരിച്ചതാണ്. ഇതിനെയാണ് എക്‌സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു.