പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ഭീഷണി മുഴക്കിയ മുസ്ലീം തോക്കുധാരികള്‍ ഫെബ്രുവരി അഞ്ചിന് 14 വയസ്സുള്ള സുനില്‍ മസിഹു എന്ന ക്രിസ്ത്യന്‍ ബാലനെ വെടിവച്ചു കൊലപ്പെടുത്തി. സുനില്‍ മസിഹും ക്രൈസ്തവരായ കുറച്ചുപേരും പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാല ജില്ലയിലെ മണ്ടിയാല വാരയ്ച്ച് പ്രദേശത്തെ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോള്‍ ഇസ്ലാമിസ്റ്റുകളായ ആറുപേര്‍ മോട്ടോര്‍ സൈക്കിളില്‍വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മാവന്‍ മെഹബൂബ് ഗില്‍ പറഞ്ഞു.
‘ഞങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് സമാന്‍ ബട്ട് കൂട്ടാളികളായ അനസ് യാസീന്‍, ആദില്‍ അബ്ദുള്‍ റഹ്മാന്‍, അഷ്റഫ് ഇനായത്ത് ഉള്ള എന്നിവരും മറ്റു രണ്ട് അജ്ഞാതരും മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി. ഈ പ്രദേശത്തെ ഒരു ക്രിസ്ത്യാനിയും ജീവനോടെ ഇരിക്കരുതെന്ന് ആദില്‍ ആക്രോശിച്ചു. തുടര്‍ന്ന് സമാന്‍ തന്റെ പിസ്റ്റള്‍ ഉപയോഗിച്ച് സുനിലിനുനേരെ വെടിയുതിര്‍ക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്തു. യാസീന്‍ മറ്റൊരു ക്രിസ്ത്യന്‍ ആണ്‍കുട്ടിക്കുനേരെയും വെടിയുതിര്‍ത്തു’ – ഗില്‍ പറയുന്നു.
ക്രിസ്ത്യാനികള്‍ക്കുനേരെ ഭീഷണി മുഴക്കിക്കൊണ്ട് തോക്കുധാരികള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപെട്ടു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകം മതപരമായ പ്രേരണയാണെന്ന് ഗുജ്റന്‍വാലയിലെ ഗൊണ്ടലന്‍വാല പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ചിലെ റവ. നുമാന്‍ മട്ടോ പറഞ്ഞു.