Sunday, November 24, 2024

പാകിസ്താന്‍ തിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം തുടങ്ങി, ഇമ്രാന്‍ഖാന്റെ പിടിഐക്ക് മുന്നേറ്റം

പാകിസ്താനിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫലസൂചനകള്‍ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് അനുകൂലം. ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ഇമ്രാന്‍ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് 154 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇമ്രാന്‍ഖാന്‍ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിജയം അവകാശപ്പെട്ട് പിടിഐ പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

വോട്ടെടുപ്പ് അവസാനിച്ച് പന്ത്രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഫലപ്രഖ്യാപന സൂചനകള്‍ പുറത്തുവരുന്നത്. ഫലപ്രഖ്യാപനത്തില്‍ കാലതാമസം വന്നിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വേഗത്തില്‍ പുറത്ത് വിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് തകരാറാണ് പാകിസ്താനിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

പാകിസ്താനിലെ ദേശീയ അസംബ്ലിയില്‍ ആകെയുള്ള 336 സീറ്റില്‍ 266 മണ്ഡലങ്ങളിലാണ് നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 സീറ്റുകള്‍ സംവരണസീറ്റുകളാണ്. സംവരണസീറ്റുകളില്‍ 60 എണ്ണം വനിതകള്‍ക്കും 10 എണ്ണം അമുസ്ലിങ്ങള്‍ക്കുമായാണ് സംവരണം ചെയ്തിക്കുന്നത്. ദേശീയ അസംബ്ലിയില്‍ ഓരോ കക്ഷികള്‍ക്കുമുള്ള പ്രതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംവരണ സീറ്റുകളിലെ പരിഗണന. കേവലഭൂരിപക്ഷം നേടുന്നതിന് കുറഞ്ഞത് 133 സീറ്റുകള്‍ ആവശ്യമാണ്.

നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ അടക്കം കണക്കാക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ഒരു നിര്‍ണായക വിജയിയെ നല്‍കില്ലെന്നാണ് പല വിശകലന വിദഗ്ധരും ഊഹിക്കുന്നത്. പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നീ മൂന്ന് പ്രധാന പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാനമായി പാകിസ്താന്‍ ദേശീയ അസംബ്ലിയിലേയ്ക്ക് മത്സരിക്കുന്നത്.

 

Latest News