ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഹമാസ് മുന്നോട്ടുവച്ച നിര്‍ദേശം തള്ളി ഇസ്രയേല്‍. അവസാന വിജയംവരെ പോരാട്ടം തുടരുമെന്ന് ബെന്യാമിന് നെതന്യാഹു ഭീഷണിമുഴക്കി. ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുന്നില്ല. അവരുടെ നിബന്ധനകള്‍ വിചിത്രമാണ്- നെതന്യാഹു പറഞ്ഞു. 135 ദിവസത്തെ വെടിനിര്‍ത്തലാണ് ഹമാസ് മുന്നോട്ടുവച്ചത്.
ഈജിപ്തിന്റെയും ഖത്തറിന്റെയും മാധ്യസ്ഥത്തില്‍ കെയ്റോയില്‍ സമാധാന ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെ റാഫയില്‍ കടന്നുകയറി ആക്രമിക്കാന്‍ തയ്യാറാകാന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്കി. ഇത് മേഖലയാകെ പരിഭ്രാന്തി പടര്‍ത്തി. ഗാസയിലെ മറ്റു ഭാഗങ്ങളില്‍നിന്ന് അഭയം തേടിയെത്തിയവര്‍ ഉള്‍പ്പെടെ 12 ലക്ഷം പേര് താമസിക്കുന്ന റാഫയില്‍ ആക്രമണം നടത്തിയാല്‍ ജനങ്ങള്‍ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ്.
പ്രദേശത്ത് കര അധിനിവേശം നടത്തിയാല്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബുധനാഴ്ച രാത്രിയില്‍ റാഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ സൈന്യം 130 പേരെ വധിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27,840 ആയി.